Thursday, March 28, 2024
spot_img

കൊവിഡ് പരിശോധനക്ക് വ്യാജ പേരും മേൽവിലാസവും ; കെഎസ്‌യു പ്രസിഡന്റിനെതിരെ പരാതി

പോത്തൻകോട്: കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തിന് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് സമരങ്ങളിൽ പങ്കെടുത്ത അഭിജിത്തും സംസ്ഥാന സെക്രട്ടറി ബാഹുൽകൃഷ്ണയും കോവിഡ് പരിശോധന നടത്തിയപ്പോഴാണ് അഭിജിത്തിന് രോഗം സ്ഥിരീകരിച്ചത്. അതേസമയം കോവിഡ് പരിശോധനയ്ക്ക് അഭിജിത്ത് വ്യാജവിലാസമാണ് നൽകിയതെന്നു കാണിച്ച് പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് പോലീസിൽ പരാതി നൽകി.
കെ എം അബി എന്ന പേരിൽ മറ്റൊരു കെഎസ്‌യു നേതാവിന്റെ വിലാസത്തിലാണ് അഭിജിത്ത് പരിശോധന നടത്തിയതെന്നും കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷം കാണാനില്ലെന്നും പരാതിയിൽ പറയുന്നു. എന്നാൽ പരിശോധനയ്ക്ക് നൽകിയ വിലാസത്തിൽ തന്നെ ക്വാറന്റീനിലാണെന്ന് കെ എം അഭിജിത്ത് വ്യക്തമാക്കിയിട്ടുണ്ട്.
ഇത് എങ്ങനെ സംഭവിച്ചു എന്ന് അറിയില്ലെന്നാണ് അഭിജിത്ത് പറയുന്നത്.

സ്കൂളിൽ 48 പേരെ പരിശോധിച്ചപ്പോൾ 19 പേർക്ക് ഫലം പോസിറ്റീവായിരുന്നു. ഇതിൽ പ്ലാമൂട് വാർഡിലെ മൂന്നുപേർക്ക് രോഗം സ്ഥിരീകരിച്ചതിൽ രണ്ടുപേരെ മാത്രമേ കണ്ടെത്താന്‍ കഴിഞ്ഞുള്ളൂ. മൂന്നാമത്തെ, പ്ലാമൂട് തിരുവോണം എന്ന വിലാസക്കാരനെ അന്വേഷിച്ചപ്പോൾ ഈ വിലാസത്തിൽ ഇങ്ങനെയൊരാളില്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർക്ക് അറിയാൻ കഴിഞ്ഞത്. ഇയാൾ എവിടെയാണ് നിരീക്ഷണത്തിൽ കഴിയുന്നതെന്നും കണ്ടെത്താൻ കഴിഞ്ഞില്ല.

ഇതിനിടെയാണ് പരിശോധനയ്ക്കെത്തിയ വ്യക്തി വ്യാജപേരും മേൽവിലാസവുമാണ് നൽകിയതെന്നും ഇയാളെ കണ്ടെത്താൻ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ്‌ കെ.വേണുഗോപാലൻ നായർ പോത്തൻകോട് പോലീസിൽ പരാതി നൽകിയത്. തുടര്‍ന്ന് രാത്രി വൈകിയാണ് ആ വ്യക്തി കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്താണെന്ന് തിരിച്ചറിഞ്ഞത്. താൻ പരിശോധന നടത്തി എന്നും കോവിഡ് ഫലം പോസിറ്റീവാണെന്നും അഭിജിത്തും സമ്മതിച്ചു.

Related Articles

Latest Articles