ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

തിരുവനന്തപുരം: പ്രശസ്ത ഫോറന്‍സിക് സര്‍ജനും മുന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുമായ ഡോ. ബി ഉമാദത്തന്‍ (73) അന്തരിച്ചു. ഇന്നു രാവിലെ ഒന്‍പതിന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. കുറച്ചു നാളായി ചികില്‍സയിലായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11 ന് തിരുവനന്തപുരം കരിക്കകത്തെ വസതിയില്‍.

തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ നിന്നും എംബിബിഎസും എംഡിയും പാസായി. 1969ല്‍ മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പില്‍ ട്യൂട്ടറായി ജോലിയില്‍ പ്രവേശിച്ചു.

തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, മെഡിക്കല്‍ കോളേജുകളില്‍ പ്രഫസറും വകുപ്പ് തലവനും പൊലീസ് സര്‍ജനുമായിരുന്നു. ഗവ മെഡിക്കോ ലീഗല്‍ എക്‌സ്‌പെര്‍ട്ട് ആന്‍ഡ് കണ്‍സള്‍ട്ടന്റ്, കേരള പൊലീസിന്റെ മെഡിക്കോ ലീഗല്‍ ഉപദേശകന്‍, ലിബിയ സര്‍ക്കാരിന്റെ മെഡിക്കോ ലീഗല്‍ കണ്‍സള്‍ട്ടന്റ് തുടങ്ങിയ നിലകളില്‍ സേവനം അനുഷ്ഠിച്ചു.

1995ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ പ്രിന്‍സിപ്പലായി .സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ പദവിയില്‍ നിന്നും 2001 ല്‍ റിട്ടയര്‍ ചെയ്തു. അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ മെഡിക്കല്‍ കോളേജില്‍ ഫൊറന്‍സിക് മെഡിസിന്‍ പ്രഫസറും വകുപ്പ് തലവനുമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. പൊലീസ് സര്‍ജന്റെ ഓര്‍മ്മകുറിപ്പുകള്‍, ക്രൈം കേരളം, കുറ്റാന്വേഷണത്തിലെ വൈദ്യശാസ്ത്രം തുടങ്ങി നിരവധി ശാസ്ത്രീയ ലേഖനങ്ങളും കുറ്റാന്വേഷണ സംബന്ധമായ ഗ്രന്ഥങ്ങളും രചിച്ചു.

പല പ്രമാദമായ കൊലപാതകകേസുകളും കുറ്റകൃത്യങ്ങളും കണ്ടെത്താന്‍ അദ്ദേഹത്തിന്റെ സേവനം പൊലീസിനെ സഹായിച്ചു. പത്മകുമാരിയാണ് ഭാര്യ. മക്കള്‍: യു. രാമനാഥന്‍, ഡോ. യു.വിശ്വനാഥന്‍. മരുമക്കള്‍: രൂപാ, റോഷ്‌നി.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here