Thursday, April 18, 2024
spot_img

പതിനോരായിരം കടന്ന് പ്രതിദിന കണക്ക്; സമ്പർക്കത്തിലൂടെ മാത്രം 10,471 പേർക്ക് കോവിഡ്; ഒക്‌ടോബർ, നവംബർ മാസങ്ങൾ നിർണായകമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് 11755 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് കണക്കാണിത്. ഇന്ന് സമ്പർക്കത്തിലൂടെ 10,471 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിൽ 952 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

23 പേരുടെ മരണം ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 95918 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരില്‍ 116 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 66,228 സാമ്പിളുകള്‍ പരിശോധിച്ചു. 7570 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.

സംസ്ഥാനത്ത് ഒക്‌ടോബർ, നവംബർ മാസങ്ങൾ നിർണായകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പരിശോധനാ നിരക്ക് കൂട്ടിയിട്ടുണ്ടെങ്കിലും ടെസ്‌റ്റ് പോസി‌റ്റിവി‌റ്റി നിരക്ക് 10ന് മുകളിലാണ് നിൽക്കുന്നത്. ഇതിനർത്ഥം ഇനിയും കേസുകൾ ഉയരുമെന്നാണ്. ആരോഗ്യ പ്രവർത്തകർക്ക് പിന്തുണ നൽകണം. അവരുടെ നിർദ്ദേശങ്ങൾ മാനിക്കണം. പലയിടത്തും നിയന്ത്രണങ്ങളോട് ജനങ്ങൾ സഹകരിക്കുന്നുണ്ട്. എന്നാൽ പുറത്തിറങ്ങുന്നതിൽ 10 ശതമാനം മാസ്‌ക് ധരിക്കാൻ തയ്യാറാകുന്നില്ല. മാസ്‌ക് ധരിക്കുന്നവരിൽ രോഗ നിരക്ക് കുറയും. അതിനാൽ നിർബന്ധമായും മാസ്‌ക് ധരിക്കമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

Related Articles

Latest Articles