തൊടുപുഴ: പൗരത്വ നിയമത്തെ പിന്തുണച്ചതിന്റെ പേരിൽ ബിജെപി സംസ്ഥാന സെക്രട്ടറി എ കെ നസീറിന് നേരെ മുസ്ലീം മതതീവ്രവാദികളുടെ ആക്രമണം. പള്ളിയിൽ നിസ്‌കാരത്തിനെത്തിയ എകെ നസീറിനെ മുസ്ലീം മതതീവ്രവാദികള്‍ ക്രൂരമായി അക്രമിച്ചു. ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്ത് പള്ളിയില്‍ നിസ്‌കരിക്കാനെത്തിയപ്പോഴായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ നസീറിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരെ ജീവിക്കാന്‍ അനുവദിക്കില്ലെന്നു പറഞ്ഞായിരുന്നു അക്രമികള്‍ നസീറിനെതിരെ അക്രമം അഴിച്ചുവിട്ടത്.

എസ് ഡി പി ഐ, പോപ്പുലര്‍ ഫ്രണ്ട് മത തീവ്രവാദികളുടെ നേതൃത്വത്തിലുള്ള ആസൂത്രിത അക്രമണമാണ് നടന്നത്. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. തൂക്കുപാലം ജമാഅത്ത് പള്ളിയില്‍ നിസ്‌കരിച്ച ശേഷം പള്ളിയില്‍ നിന്ന് പുറത്തിറങ്ങുന്നതിനിടെ വൈകിട്ട് ആറേകാലോടെയാണ് സംഭവം. തൂക്കൂപാലത്ത് നടന്ന ജനജാഗ്രത സമ്മേളനം ഉദ്ഘാനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. ഉദ്ഘാടനം ശേഷം ബാങ്ക് വിളിച്ചതോടെ അദ്ദേഹം തൊട്ടടുത്തുള്ള പള്ളിയിലേക്ക് നിസ്‌കരിക്കുന്നതിനായി പോകുകയായിരുന്നു.

നിസ്‌കരിച്ച ശേഷം പള്ളിയില്‍ നിന്ന് ഇറങ്ങവെ പിന്നാലെയെത്തിയ ഒരാള്‍ നസീറിനെ ചവിട്ടി വീഴ്ത്തി. എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ കസേരക്കൊണ്ട് ആക്രമിച്ചു. പിന്നീട് സംഘം ചേര്‍ന്ന് ക്രൂരമായി നസീറിനെ മര്‍ദ്ദിച്ചു. ബഹളം കേട്ട് ബി ജെ പി പ്രവര്‍ത്തകര്‍ എത്തിയതോടെയാണ് അക്രമിസംഘം പിൻവാങ്ങിയത്. പിന്നാലെ നസീറിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കട്ടപ്പന ഡിവൈഎസ്പി ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തിയെങ്കിലും അക്രമികളെ അറസ്റ്റു ചെയ്യാന്‍ ഇതുവരെ തയ്യാറായിട്ടില്ല എന്നാണ് റിപ്പോർട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here