Friday, April 26, 2024
spot_img

വിശദീകരണക്കത്തിനു കാത്തുനില്‍ക്കാതെ സുഭാഷ് വാസുവിനെ ബിഡിജെഎസില്‍ നിന്ന് പുറത്താക്കാന്‍ നീക്കം

രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കിടെ വിശദീകരണ കത്ത് ലഭിക്കുന്നതിന് മുന്‍പേ സുഭാഷ് വാസുവിനെ ബിഡിജെഎസില്‍ നിന്ന് പുറത്താക്കാന്‍ നീക്കം. പാര്‍ട്ടിയേയും, പാര്‍ട്ടി നേതാക്കളേയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വാര്‍ത്താസമ്മേളനം നടത്തിയതിന്റെ പേരില്‍ വിശദീകരണം ചോദിക്കാതെ തന്നെ സുഭാഷ് വാസുവിനെ പുറത്താക്കാമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റേയും ജില്ലാ കമ്മറ്റികളുടേയും അഭിപ്രായമെന്നറിയുന്നു.

ബിഡിജെഎസിലെ തര്‍ക്കങ്ങള്‍ക്ക് പുതിയ തലം നല്‍കിയാണ് സുഭാഷ് വാസുവിനെ വിശദീകരണ കത്ത് ചോദിക്കാതെ തന്നെ പുറത്താക്കാന്‍ തീരുമാനം ഉണ്ടായിരിക്കുന്നത്. മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ സുഭാഷ് വാസുവിനെ പുറത്താക്കണമെന്നാണ് നേതൃത്വങ്ങളുടെ ആവശ്യം.

അതേസമയം, സുഭാഷ് വാസുവിനെ പരസ്യമായി തള്ളിപ്പറയണമെന്ന തുഷാര്‍ വെള്ളാപ്പള്ളിയുടെ ആവശ്യത്തോട് എന്‍ഡിഎ ബിജെപി നേതൃത്വങ്ങള്‍ ഇനിയും പ്രതികരിച്ചിട്ടില്ല. സുഭാഷ് വാസുവിന് ബിഡിജെഎസിലെ ഒരു വിഭാഗം പിന്തുണയ്ക്കുന്നുണ്ട് എന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് എന്‍ഡിഎ നേതൃത്വത്തിന്റെ ഈ മൗനം.

വെള്ളാപ്പള്ളി വിരുദ്ധ ചേരിയിലെ പ്രമുഖരെ നേരില്‍ കണ്ട് സുഭാഷ് വാസു പിന്തുണയഭ്യര്‍ത്ഥിക്കുമെന്നറിയുന്നു. ബിഡിജെഎസ് വിട്ടു പോയ മറ്റുള്ളവരെക്കൂടി ഒന്നിച്ച് നിര്‍ത്തി പോരാട്ടം ശക്തമാക്കാനാണ് സുഭാഷ് വാസുവിന്റെ തീരുമാനം എന്നാണ് വിവരം.

Related Articles

Latest Articles