കോന്നി ഉപതെരഞ്ഞെടുപ്പിൽ കെ സുരേന്ദ്രന്‍റെ വിജയം ഉറപ്പാണെന്ന് ബി ജെ പി നേതാവ് എ പി അബ്ദുള്ളക്കുട്ടി പറഞ്ഞു. പോളിങ് സ്റ്റേഷനിൽ ചെന്ന് അയ്യപ്പസ്വാമിയെ മനസ്സിൽ വിചാരിച്ച് പിണറായി വിജയന്‍റെ നെഞ്ചിൽ കുത്താനുള്ള അവസരമാണ് ഇതെന്നും കോന്നിയിലെ ജനങ്ങളോട് അദ്ദേഹം പറഞ്ഞു. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു എ പിഅബ്ദുള്ളക്കുട്ടി.

വികസനവും വിശ്വാസവുമാണ് കോന്നിയിലെ പ്രധാന തെരഞ്ഞെടുപ്പ് ചർച്ചകൾ. രണ്ടായാലും കെ സുരേന്ദ്രൻ വിജയിക്കുമെന്ന് എ പി അബ്ദുള്ളക്കുട്ടി പറഞ്ഞു. താമരശ്ശേരി ബിഷപ്പിന്‍റെ മുഖത്തുനോക്കി നികൃഷ്ട ജീവി എന്ന് വിളിച്ചയാളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. വിശ്വാസികൾക്കെതിരെ നിലപാട് സ്വീകരിച്ച വ്യക്തി കൂടിയാണ് അദ്ദേഹം. സിപിഎം അതൊക്കെ മാറ്റിപ്പറയാൻ ഇപ്പോൾ ശ്രമിക്കുന്നുണ്ടെങ്കിലും ജനങ്ങൾ വിശ്വസിക്കുന്നില്ലെന്നും എ പി അബ്ദുള്ളക്കുട്ടി പറഞ്ഞു.

വിശ്വാസസംരക്ഷണത്തിന്‍റെ മുന്നണിപ്പോരാളിയായിരുന്നു കെ സുരേന്ദ്രൻ. ഇരുമുടിക്കെട്ടുമായി പോകുമ്പോഴാണ് അദ്ദേഹത്തെ പിണറായിയുടെ പൊലീസ് വളഞ്ഞിട്ട് ആക്രമിച്ചത്. അദ്ദേഹത്തെ കള്ളക്കേസിൽ കുടുക്കുകയും ചെയ്തു. അതിനൊക്കെ പകരം വീട്ടാൻ ജനങ്ങൾക്ക് ലഭിക്കുന്ന സുവര്‍ണാവസരമാണിത്.ശബരിമലയെ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിജി മുമ്പോട്ട് വച്ച ഒരു സ്വപ്നമുണ്ട്. ശബരിമലയെ ഒരു ലോകോത്തര തീർത്ഥാടന കേന്ദ്രമാക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്. പറയുന്നതൊക്കെ യാഥാർത്ഥ്യമാക്കുന്ന വ്യക്തിയാണ് മോദി . അദ്ദേഹം വിഭാവനം ചെയ്ത ശബരിമലയെന്ന സ്വപ്നം യാഥാർത്ഥ്യമാവണമെങ്കിൽ കെ സുരേന്ദ്രന് വോട്ടുചെയ്യണമെന്നും എ പി അബ്ദുള്ളക്കുട്ടി അഭ്യര്‍ത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here