Saturday, April 27, 2024
spot_img

സൗരമണ്ഡലത്തിലേക്ക് യാത്രയായി; കണ്ണീര്‍ക്കണങ്ങള്‍ ബാക്കിയാക്കി

തൃശ്ശൂര്‍: എട്ട് പതിറ്റാണ്ട് നീണ്ട കാവ്യ ജീവിതത്തിന് അവസാനം. മഹാകവി അക്കിത്തം അന്തരിച്ചു. 93 വയസ്സായിരുന്നു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മനുഷ്യസ്നേഹത്തിന്റെ മഹാഗാഥകളെന്നു വിശേഷിപ്പിക്കാവുന്ന കവിതകളെഴുതിയ അക്കിത്തം ദേശീയപ്രസ്ഥാനത്തിലും യോഗക്ഷേമ സഭയുടെ പ്രവർത്തനങ്ങളിലും സജീവമായി പ്രവർത്തിച്ചിട്ടുണ്ട്. കവിത, ചെറുകഥ, നാടകം, വിവർത്തനം, ലേഖനസമാഹാരം എന്നിവയുൾപ്പെടെ അൻപതോളം കൃതികൾ രചിച്ചു.
പത്മശ്രീ, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, എഴുത്തച്ഛൻ പുരസ്കാരം ഉൾപ്പെടെയുള്ള ബഹുമതികൾ ലഭിച്ചിട്ടുണ്ട്. പരേതയായ ശ്രീദേവി അന്തർജനമാണ് ഭാര്യ. മക്കൾ പാർവതി, ഇന്ദിര, വാസുദേവൻ, ശ്രീജ, ലീല, നാരായണൻ. പ്രശസ്ത ചിത്രകാരൻ അക്കിത്തം നാരായണൻ സഹോദരനാണ്.

അമേറ്റൂർ അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയുടെയും ചേകൂർ മനയ്ക്കൽ പാർവതി അന്തർജനത്തിന്റെയും മകനായി 1926 മാർച്ച് 18ന് പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലാണ് ജനിച്ചത്. വേദവും, ഇംഗ്ലിഷും, കണക്കും, തമിഴും പഠിച്ചു. എട്ടുവയസ്സുമുതൽ കവിതയെഴുതുമായിരുന്നു. കുട്ടികാലത്തുതന്നെ ചിത്രകലയിലും സംഗീതത്തിലും താൽപര്യം ഉണ്ടായിരുന്നു. കോഴിക്കോട് സാമൂതിരി കോളജിൽ ഇന്റർമീഡിയറ്റിനു ചേർന്നെങ്കിലും രോഗം മൂലം പഠനം മുടങ്ങി. പിന്നീട് തൃശൂർ മംഗളോദയം പ്രസിൽനിന്ന് പുറത്തിറങ്ങിയിരുന്ന ‘ഉണ്ണി നമ്പൂതിരി’യുടെ പ്രിന്ററും പബ്ലിഷറുമായി പ്രവര്‍ത്തിച്ചു.

വി.ടി. ഭട്ടതിരിപ്പാട്, ഉറൂബ്, ഇടശ്ശേരി തുടങ്ങിയവരുമായി നല്ല അടുപ്പമുണ്ടായിരുന്നു, ഗാന്ധിജി നേതൃത്വം നൽകിയ ദേശീയ പ്രസ്ഥാനത്തിലും നമ്പൂതിരി സമുദായോദ്ധാരണത്തിനായി യോഗക്ഷേമസഭയിലും പ്രവർത്തിച്ച അക്കിത്തം യോഗക്ഷേമം, മംഗളോദയം എന്നീ മാസികകളുടെ പത്രാധിപസമിതി അംഗം കൂടിയായിരുന്നു. അടുക്കളയിൽനിന്ന് അരങ്ങത്തേക്ക്, കൂട്ടുകൃഷി തുടങ്ങിയ നാടകങ്ങളിൽ വേഷമിട്ടിട്ടുണ്ട്. ആകാശവാണിയിൽ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം 1985 ൽ വിരമിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ബലിദർശനം, പണ്ടത്തെ മേൽശാന്തി, ഇടിഞ്ഞു പൊളിഞ്ഞ ലോകം, മാനസപൂജ, വെണ്ണക്കല്ലിന്റെ കഥ, മനസാക്ഷിയുടെ പൂക്കൾ, അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകൾ, കളിക്കൊട്ടിലിൽ, നിമിഷ ക്ഷേത്രം തുടങ്ങിയവയാണ് പ്രധാനകൃതികൾ.

Related Articles

Latest Articles