ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

തിരുവനന്തപുരം: എവിടെയൊക്കെ പ്രകൃതിക്ക് മുറിവേറ്റിട്ടുണ്ടോ, അവിടെയൊക്കെ കാലാവസ്ഥാ വ്യതിയാനവും പ്രകൃതിക്ഷോഭവും സംഭവിച്ചിട്ടുണ്ട്. പ്രകൃതിയോടും പ്രകൃതി ഘടകങ്ങളോടും ആദരം അര്‍പ്പിച്ചിരുന്ന ഭാരതീയ തത്വചിന്തയ്ക്ക് ബദലായി പാശ്ചാത്യ അധിനിവേശശക്തികള്‍ മുന്നോട്ടുവച്ച ഉപഭോഗ, വാണിജ്യ സംസ്‌കാരമാണ് പാരമ്പര്യനിരാസത്തിനും അതിലൂടെ പ്രകൃതിക്ഷോഭത്തിനും ആക്കംകൂട്ടിയത്. വയല്‍ നാടായിരുന്ന വയനാടും കൊടും കാടായിരുന്ന ഇടുക്കിയും ഇന്ന് പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തകര്‍ക്കുന്ന നിര്‍മ്മിതികളുടെ കേന്ദ്രമായി മാറിയിട്ടുണ്ട്. ഈ ജില്ലകളിലുണ്ടായിക്കൊണ്ടിരിക്കുന്ന ആള്‍നാശത്തിനും കൃഷിനാശത്തിനും കാരണം ഭൂമിയെ വെല്ലുവിളിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ്.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

പശ്ചിമഘട്ടത്തെ കുറിച്ച് അന്ന് മാധവ് ഗാഡ്ഗില്‍ പറഞ്ഞത്:

കര്‍ഷകര്‍ക്ക് എതിരായിരുന്നില്ല ഈ റിപ്പോര്‍ട്ട്. പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ട് മനുഷ്യജീവന്‍ പിടിച്ചുനിര്‍ത്താനാണ് റിപ്പോര്‍ട്ടില്‍ പ്രാധാന്യം നല്‍കിയത്. തൊടുപുഴയില്‍ പരിസ്ഥിതിപ്രവര്‍ത്തകരായ എം എന്‍ ജയചന്ദ്രന്‍, ജോണ്‍ പെരുവന്താനം എന്നിവരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സെമിനാറിലായിരുന്നു ഗാഡ‍്ഗിലിന്‍റെ പരാമര്‍ശം.

ഭൂമിയും മണ്ണും തല തിരിഞ്ഞ രീതിയില്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാനുള്ള ശ്രമം ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലുണ്ട്. വനങ്ങള്‍ സംരക്ഷിച്ച് പാരിസ്ഥിതിക ദുരന്തങ്ങള്‍ കുറയ്ക്കാനുള്ള പോംവഴി വിശദീകരിക്കുന്നുണ്ട്. കാലാവസ്ഥാവ്യതിയാനം വരാതിരിക്കാനുള്ള മുന്നൊരുക്കങ്ങളും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മലയുടെ ചെരിവുകളില്‍ കൃഷി പാടില്ല, പരിസ്ഥിതി ദുര്‍ബ്ബലപ്രദേശത്ത് പാറപൊട്ടിക്കാന്‍ പാടില്ല, ഏല മലക്കാടുകളിലെ നിര്‍മ്മാണ പ്രവര്‍ത്തനം അവസാനിപ്പിക്കണം എന്നിങ്ങനെയുള്ള പ്രായോഗികമായ നിര്‍ദ്ദേശങ്ങളാണ് റിപ്പോര്‍ട്ട് മുന്നോട്ടുവെച്ചത്. നിയമത്തിന്‍റെ കണ്ണുകെട്ടി ഇടുക്കിയില്‍ നടത്തുന്ന ക്വാറി, റിസോര്‍ട്ട്, ഭൂമാഫിയകളുടെ പ്രവര്‍ത്തനത്തിന് തടസ്സമാകുമെന്നുള്ളതുകൊണ്ടാണ് റിപ്പോര്‍ട്ടിനെതിരെ ആസൂത്രിതമായ നീക്കം നടന്നത്.

പശ്ചിമ ഘട്ടങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടി മാധവ് ഗാഡ്ഗില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ ശക്തമായ സമരമാണ് സംസ്ഥാനത്ത് അരങ്ങേറിയത്. കോഴിക്കോട്ടും വയനാട്ടിലും സമരം നടന്നെങ്കിലും ഇടുക്കിയിലേതുപോലെ രാഷ്ട്രീയ ധ്രുവീകരണമുണ്ടാക്കിയ സമരം മറ്റൊരിടത്തും നടന്നില്ല. ഹര്‍ത്താല്‍ നടത്തിയും നടുറോഡില്‍ മൃഗങ്ങളെ കൊന്ന് ഭക്ഷണം പാകപ്പെടുത്തിയും നടന്ന ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വിരുദ്ധ സമരം ഇടുക്കിയിലെ ക്രൈസ്തവസഭയുടെ സ്‌പോണ്‍സേര്‍ഡ് സമരമായിരുന്നു. സമരമുഖത്ത് ബിഷപ്പ് ഉള്‍പ്പെടെയുള്ള പുരോഹിതന്മാര്‍ രംഗത്തെത്തിയിരുന്നു. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ലേബലില്‍ നടത്തിയ സമരത്തെ സി പി എം പിന്തുണച്ചതിന്‍റെ ഫലമാണ് ജോയ്സ് ജോര്‍ജ് എന്ന എം പിയെ സൃഷ്ടിച്ചെടുക്കാനായത്.

പ്രഖ്യാപിത നയങ്ങളെ തൂത്തെറിഞ്ഞ് സി പി എം നടത്തിയ പുത്തന്‍ കൂട്ടുകെട്ട് കൈയ്യേറ്റ രാഷ്ട്രീയ കൂട്ടുകെട്ടിന്‍റെ ബാക്കിപത്രമാണ്. പ്രക്ഷോഭങ്ങളെ ഇടത്, വലത് മുന്നണികള്‍ സഹായിച്ചതിനാല്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കരുതെന്ന് കാട്ടി കേന്ദ്ര സര്‍ക്കാരിലേക്ക് കത്ത് അയക്കുകയും ചെയ്തു. സംഘടിത നീക്കത്തിലൂടെ കൈയേറി വെച്ചിരിക്കുന്ന ഭൂമി കൈവിട്ട് പോകാതിരിക്കാനുള്ള നാടകമായിരുന്നു ഗാഡ്ഗില്‍ വിരുദ്ധ സമരമെന്ന് കാലംതെളിയിച്ചു. ഗാര്‍ഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പരിസ്ഥിതിദുര്‍ബ്ബല പ്രദേശമായി അടയാളപ്പെടുത്തിയ സ്ഥലങ്ങളില്‍ കൃഷിചെയ്യാനും വീട് വയ്ക്കാനും പറ്റില്ലെന്നായിരുന്നു കുപ്രചരണം.

പശ്ചിമ ഘട്ടങ്ങളിലൂടെ സാഹസിക യാത്ര നടത്തി തയ്യാറാക്കിയ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് പ്രകൃതിയെ ചൂഷണത്തില്‍ നിന്ന് രക്ഷിച്ച് നാടിനെ സുരക്ഷിതമാക്കുക എന്ന ലക്ഷ്യമായിരുന്നു ഉണ്ടായിരുന്നത്. ഉദ്യോഗസ്ഥ, സംഘടിത മത, രാഷ്ട്രീയ കൂട്ടുകെട്ടില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് മനുഷ്യവിരുദ്ധമാണെന്ന തെറ്റിദ്ധാരണ പരത്തുകയാണുണ്ടായത്. ഭൂമി വെട്ടിപ്പിടിച്ച്, പ്രകൃതിയെ ചൂഷണവസ്തുവാക്കിയതിന്‍റെ ശേഷിപ്പുകള്‍ കാലവര്‍ഷം ബാക്കിവയ്ക്കുമ്പോള്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ എതിര്‍ത്തവര്‍ പ്രതികരിക്കേണ്ടതും അനിവാര്യമാണ്. പൊതുസമൂഹത്തെ വ്യാജസന്ദേശങ്ങള്‍ നല്‍കി തെരുവിലിറക്കിയതിന് നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കാന്‍ ഇടുക്കിയിലെ ക്രൈസ്തവ സഭയ്ക്കും സിപിഎമ്മിനും ബാധ്യതയുണ്ട്.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here