പിറന്നാള്‍ ദിനത്തില്‍ ‘ദൃശ്യം 2’ അനൗണ്‍സ്‌മെന്റ് വീഡിയോയുമായി മോഹന്‍ലാല്‍

0

മോഹന്‍ലാലിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായ ദൃശ്യം എന്ന സിനിമയുടെ രണ്ടാം ഭാഗം എത്തുന്നു എന്ന പ്രഖ്യാപനവുമായി നടന്‍ മോഹന്‍ലാല്‍. സംവിധായകന്‍ ജീത്തു ജോസഫും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും ഈ വാര്‍ത്ത സ്ഥിരീകരിക്കുകയും ചെയ്തു. അണിയറ പ്രവര്‍ത്തകരാണ് ‘ദൃശ്യം 2’ അനൗണ്‍സ്‌മെന്റ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.

തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മോഹന്‍ലാല്‍ തന്നെയാണ് വീഡിയോ പങ്കുവച്ചത്. 22 സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. മോഹന്‍ലാലിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ഈ വീഡിയോ പുറത്തുവിട്ടത്.

ദൃശ്യം പോലെ ഈ ചിത്രവും ഒരു ഫാമിലി ഡ്രാമ ആയിരിക്കുമെന്നാണ് സംവിധായകന്‍ അറിയിച്ചത്. രണ്ടാം ഭാഗം എടുക്കാന്‍ വേണ്ടി എടുക്കുന്ന ഒരു ചിത്രമല്ല.

നല്ല ഒരു പ്ലോട്ട് മാസങ്ങളോളം കൊണ്ട് മികച്ച ഒരു തിരക്കഥയാക്കി പൂര്‍ണ തയ്യാറെടുപ്പുകളോടെയാണ് ദൃശ്യം 2 പുറത്തിറക്കുന്നതെന്നും ജീത്തു കൂട്ടിച്ചേര്‍ത്തു. ഇതൊരു നല്ല സിനിമയായിരിക്കും എന്ന് തനിക്ക് പറയാനാവുമെന്നും ജീത്തു പറഞ്ഞു.

2013ലാണ് ജീത്തു മോഹന്‍ലാലിനെ നായകനാക്കി ദൃശ്യം പുറത്തിറക്കിയത്. ഫാമിലി ഡ്രാമ എന്ന തരത്തില്‍ തീയറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യ ഘട്ടത്തില്‍ അത്ര മികച്ച പ്രതികരണം ലഭിച്ചിരുന്നില്ല. എന്നാല്‍, പിന്നീട് ചിത്രം കത്തിക്കയറുകയായിരുന്നു.

മോഹന്‍ലാലിനൊപ്പം മീന, അന്‍സിബ ഹസന്‍. എസ്തര്‍ അനില്‍, കലാഭവന്‍ ഷാജോണ്‍, ആശാ ശരത്, സിദ്ധിക്ക്, റോഷന്‍ ബഷീര്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ വേഷമിട്ടിരുന്നു. തുടര്‍ന്ന് നാല് ഇന്ത്യന്‍ ഭാഷകളിലും രണ്ട് വിദേശ ഭാഷകളിലും ചിത്രം റീമേക്ക് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here