അഭിനയകലയുടെ ആറാം തമ്പുരാന് അറുപതാം പിറന്നാൾ; ആശംസാ പ്രവാഹം

0

തിരുവനന്തപുരം: മലയാളത്തിന്റ താര വിസ്മയത്തിന് ഇന്ന് അറുപതാം പിറന്നാള്‍. നാലു പതിറ്റാണ്ടായി നമ്മെ അതിശയിപ്പിക്കുന്ന മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ അര്‍പ്പിക്കുകയാണ് നാട്.

തിരനോട്ടത്തിലെ കുട്ടപ്പന് സൈക്കിള്‍ ബാലന്‍സ് അത്ര വശമായിരുന്നില്ല. മോഹന്‍ലാലിന്റയും തലസ്ഥാനത്തെ ഒരു കൂട്ടം സുഹൃത്തുക്കളുടെയും ആദ്യ സിനിമാ യാത്രക്ക് ഉണ്ടായത് ഒരുപാട് തടസ്സങ്ങള്‍. പക്ഷെ 78 ല്‍ വിറച്ച് വിറച്ച് സൈക്കിളോടിച്ച ലാലിന്റെ അസാധാരണ കുതിപ്പാണ് പിന്നെ മലയാള സിനിമയും ഇന്ത്യന്‍ സിനിമയും കണ്ടത്.

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മോഹന്‍ലാലിന്റയും മലയാള സിനിമയുടേയും തലവരമാറ്റി. ഷാളും കൂളിംഗ് ഗ്ലാസുമണിഞ്ഞെത്തിയ വില്ലന്‍ പിന്നെ മെല്ലെ മെല്ലെ നായകനായും താരമായും സൂപ്പര്‍താരമായും ആയുള്ള വേഷപ്പകര്‍ച്ച. മലയാള സിനിമയുടെ സുവര്‍ണ്ണകാലമെന്ന് അടയാളപ്പെടുത്തുന്ന എണ്‍പതുകളിലും 90 കളിലും പുറത്ത് വന്ന എണ്ണം പറഞ്ഞ ചിത്രങ്ങള്‍ ലാലിലെ മഹാനടനെ കാണിച്ചുതന്നു.

ഒരു വശത്ത് ഒരു ചെറു നോട്ടത്തില്‍ പോലും അസാമാന്യമായ അഭിനയത്തിന്റെ മിന്നലാട്ടങ്ങളും , മറുവശത്ത് താരപരിവേഷത്തിന്റെ പരകോടി കണ്ട വേഷങ്ങളുമായി ഈ നടന്‍ തുടര്‍ച്ചയായി അമ്പരപ്പിച്ച് കൊണ്ടിരുന്നു. മലയാളത്തിന്റെ അഭിമാനം ഭാഷാതിര്‍ത്തികള്‍ ഭേദിച്ചപ്പോഴും കണ്ടത് ലാല്‍ മാജിക് .

മികച്ച നടനുള്ള രണ്ട് പുരസ്‌ക്കാരങ്ങളടക്കം നാലു ദേശീയ അവാര്‍ഡുകള്‍. 9 സംസ്ഥാന ബഹുമതികള്‍. പത്മശ്രീ, പത്മഭൂഷന്‍ എന്നിങ്ങനെ നേടിയ അംഗീകാരങ്ങളേറെ.. മുന്നൂറിലേറെ വേഷങ്ങള്‍ പിന്നിട്ട് അറുപതിന്റെ നിറവിലെത്തിയ പ്രിയനടനില്‍ നിന്നും ആരാധകര്‍ ഇനിയുമേറെ പ്രതീക്ഷിക്കുന്നു.

നാല്‍പ്പത് വര്‍ഷത്തെ സുദീര്‍ഘമായ അഭിനയ ജീവിതത്തില്‍ ഇനിയുള്ള ഏറ്റവും വലിയ സ്വപ്‌നമെന്താണ് എന്ന ചോദ്യത്തിന് ഉത്തരം ഇങ്ങനെ: ‘ഇതുപോലെ മനഃസമാധാനത്തോടെ ജീവിച്ച് പോകണമെന്നതാണ് എന്റെ ഏറ്റവും വലിയ സ്വപ്‌നം. അനുഗ്രഹിക്കപ്പെട്ട ഒരു പ്രൊഫഷനാണിത്. ആയുസും ആരോഗ്യവുമുണ്ടെങ്കില്‍ എനിക്ക് തൊണ്ണൂറാമത്തെ വയസിലും അഭിനയിക്കണം. മറ്റേതൊരു പ്രൊഫഷനിലും പ്രായം ഒരു ഘടകമാണ്’.

മോഹന്‍ലാലിനെപ്പോലെ ഒരാള്‍ മാത്രമേ ഉള്ളൂ പകരം വയ്ക്കാനാളില്ലാത്ത, പ്രായമേറും തോറും പ്രിയമേറുന്ന അഭിനയപ്രതിഭയായി മാറി മോഹന്‍ലാല്‍ എന്ന വിസ്മയം. മോഹന്‍ലാലിന് ടീം തത്വമയിയുടെ പിറന്നാള്‍ മംഗളാശംസകള്‍

LEAVE A REPLY

Please enter your comment!
Please enter your name here