കൊറോണ വൈറസ് ലക്ഷണങ്ങള്‍ ഉള്ളവര്‍ ഹോമിയോ, യുനാനി ചികിത്സകളെ ആശ്രയിക്കരുതെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. രോഗം വരാത്തവര്‍ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ രോഗബാധിതരും നിരീക്ഷണത്തില്‍ ഉള്ളവരും കേന്ദ്രസര്‍ക്കാരിന്റെ പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള ചികിത്സ നിര്‍ബന്ധമായും തേടണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വ്യാഴാഴ്ച രാവിലെ നടന്ന വീഡിയോ കോണ്‍ഫറണ്‍സില്‍ കേന്ദ്രസര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും ഇതേ നിര്‍ദ്ദേശമാണ് നല്‍കിയതെന്ന് ആരോഗ്യ സെക്രട്ടറി രാജന്‍ ഖോബ്രഗഡെ വ്യക്തമാക്കി. നിപ്പ വ്യാപിച്ച കാലത്തും ഇതേ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. കൊറോണ വൈറസ് ബാധ വ്യാപിക്കുന്ന സാഹചര്യത്തില്‍ പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിന് പുറമെ പത്തോളം പരിശോധനാ ലാബുകള്‍ തുറക്കാനും കേന്ദ്രസര്‍ക്കാര്‍ ആലോപിക്കുന്നുണ്ട്.

ഇതില്‍ ആലപ്പുഴയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടും ഉള്‍പ്പെടുന്നു. നാല് ദിവസത്തിനുള്ളില്‍ ആലപ്പുഴയില്‍ ക്രമീകരണങ്ങള്‍ ഒരുക്കും. ചൈനയില്‍ നിന്ന് എത്തിയ വിദ്യാര്‍ത്ഥിയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. ചൈനയിലെ വുഹാന്‍ സര്‍വകലാശാലയില്‍ നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ത്ഥിനിയെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചപ്പോള്‍ തന്നെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here