ഫസല്‍വധക്കേസിലെ പ്രതികളായ കാരായിമാരെ വെറുതെ വിടണമെന്ന് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍

0

കണ്ണൂര്‍: ഫസല്‍ക്കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിയുടെ മുന്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയും സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ എം വി ജയരാജന്‍. കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍ ഉള്‍പ്പെടെയുള്ള സി പി എം പ്രവര്‍ത്തകരെ കുറ്റവിമുക്തരാക്കാന്‍ സി ബി ഐ തയാറാവണം. ഒരു കേസിലും ഇല്ലാത്ത നീതി നിഷേധം ഫസല്‍ കേസില്‍ കാരായി രാജനും കാരായി ചന്ദ്രശേഖരനും നേരിടുന്നുണ്ട്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരല്ല സി ബി ഐയാണ് തീരുമാനം കൈകൊള്ളേണ്ടതെന്നുമാണ് ജയരാജന്‍റെ അവകാശവാദം.

ഫസല്‍ വധത്തില്‍ സിപിഎമ്മിന്‍റെ കളളകഥകള്‍ നേരത്തെ തന്നെ പൊളിഞ്ഞിരുന്നു. സിപിഎമ്മുകാരെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഇടപ്പെട്ട് അന്വേഷണം മുക്കിയെന്ന മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡി വൈ എസ് പി, കെ രാധാകൃഷ്ണന്‍റെ വെളിപ്പെടുത്തലോടെയാണിത്. ഉത്തരവാദിത്വം ആര്‍ എസ് എസിനുമേല്‍ കെട്ടിവെയ്ക്കാന്‍ നീക്കങ്ങള്‍ നടത്തി വരികയായിരുന്നു സിപിഎം നേതൃത്വം. കൊലപ്പെടുത്തിയ ഉടന്‍ ചോരപുരണ്ട തൂവാല ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ വീടിന് സമീപം കൊണ്ടിട്ട് കേസ് വഴിതിരിച്ചുവിടാന്‍ ശ്രമം നടത്തിയിരുന്നു.

2006 ഒകടോബര്‍ 26ന് പുലര്‍ച്ചെയാണ് തേജസ് പത്രവിതരണക്കാരനായ ഫസല്‍ കൊല്ലപ്പെട്ടത്. രാവിലെ തലശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലെത്തി ഫസലിന്‍റെ മൃതദേഹം കണ്ട് പുറത്തിറങ്ങി കോടിയേരി ബാലകൃഷ്ണന്‍ ആര്‍ എസ് എസുകാരാണ് ഫസലിനെ കൊന്നതെന്ന് പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ കേസന്വേഷിച്ച സ്‌പെഷ്യല്‍ പോലീസ് സംഘത്തിലെ ഡി വൈ എസ് പി, കെ രാധാകൃഷ്ണന്‍, സി ഐ സുകുമാരന്‍ എന്നിവര്‍ കൊടിസുനിയും സംഘവുമാണ് കൊലയാളി സംഘത്തില്‍ ഉണ്ടായിരുന്നതെന്ന് മനസിലാക്കിയിരുന്നു. നിരവധി ആര്‍ എസ് എസ്, ബിജെപി പ്രവര്‍ത്തകരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും കൊലപാതകവുമായി ബന്ധിപ്പിക്കുന്ന യാതൊരുവിധ തെളിവും അന്വേഷണസംഘത്തിന് ലഭിച്ചില്ല.

പാര്‍ട്ടി സമ്മര്‍ദ്ദവും ഭരണ ഇടപെടലും അതിരു കടന്നതോടെ രണ്ടും കല്‍പ്പിച്ച് യഥാര്‍ത്ഥ പ്രതികളെ ഡി വൈ എസ് പി, കെ രാധാകൃഷ്ണനും സംഘവും പിടികൂടുകയായിരുന്നു. കൊടി സുനി എന്ന സുനില്‍ കുമാര്‍, കോടിയേരിയിലെ കലേഷ്, ജിത്തു എന്ന ജിതേഷ്, അരുണ്‍ എന്ന അരൂട്ടി തുടങ്ങിയവരെ പിടികൂടിയതോടെ തലശേരി ഏരിയാക്കമ്മറ്റി ആസൂത്രണം ചെയ്ത കൊലയാണ് ഫസലിന്‍റെതെന്ന് വ്യക്തമാകുകയായിരുന്നു. അന്വേഷണം കാരായി രാജനിലേക്ക് നിളുന്ന അവസരത്തില്‍ പയ്യന്നൂരില്‍ വെച്ച് സദാചാര പോലീസ് ചമഞ്ഞ് രാധാകൃഷ്ണനെ സി പി എം പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചു.

ഒരു സ്ത്രീയുമൊത്ത് ഡിവൈഎസ്പിയെ കണ്ടെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ജീവച്ഛവമാക്കിയ ഉദ്യോഗസ്ഥനെ അന്വേഷണത്തില്‍ നിന്നും മാറ്റി. ഫസലിന്‍റെ ഭാര്യ യഥാര്‍ത്ഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ കേസ് സിബിഐക്ക് വിടുകയും കാരായിമാര്‍ അറസ്റ്റിലാവുകയും ജില്ലയില്‍ നിന്നും നാടുകടത്തുകയും ചെയ്തു.

കേസില്‍ പുനരന്വേഷണം വേണമെന്നും കാരായിമാര്‍ നിരപരാധികളാണെന്നും സിപിഎം വര്‍ഷങ്ങളായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനായി മാധ്യമങ്ങളെ അടക്കം ഉപയോഗിച്ചു. എന്നാല്‍ സി ബി ഐ കോടതി തുടരന്വേഷണ സാധ്യതകള്‍ തള്ളിയതോടെ കാരായിമാര്‍ക്കു രക്ഷപ്പെടാമെന്ന വ്യാമോഹവും പൊലിഞ്ഞിരുന്നു. ഇതോടെയാണ് സിപിഎമ്മിന്‍റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി തന്നെ കാരായിമാര്‍ക്കായി നേരിട്ട് രംഗത്ത് വന്നിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here