മരട് ഫാറ്റ് ഉടമകള്‍ക്ക് നഷ്ട പരിഹാരം നല്‍കുന്നതിനുള്ള സമിതിയുടെ ആദ്യയോഗം ഇന്ന്

0

കൊച്ചി: മരടിലെ ഫ്‌ലാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കാനുള്ള ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന് കൊച്ചിയില്‍ ചേരും. സമിതിയിലെ രണ്ട് അംഗങ്ങളെ നിശ്ചയിച്ച്‌ സര്‍ക്കാര്‍ ഉത്തരവ് ഇന്നലെ ഇറക്കിയിരുന്നു. മുന്‍ ചീഫ് സെക്രട്ടറി ജോസ് സിറിയക്, തിരുവനന്തപുരം കെഎസ്‌ആര്‍എയിലെ എന്‍ജിനിയര്‍ ആര്‍ മുരുകേശന്‍ എന്നിവരാണ് സമിതിലെ മറ്റംഗങ്ങള്‍.

ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുമ്പോള്‍ നഷ്ടപരിഹാരം നല്‍കാന്‍ യോഗ്യത ഉള്ളവരുടെ പട്ടിക സമിതി പരിശോധിക്കും. മരട് നഗരസഭയാണ് പട്ടിക നല്‍കുക. എന്നാല്‍ രേഖകള്‍ സമര്‍പ്പിച്ച 130 ഓളം പേര്‍ക്ക് മാത്രമേ തുക ലഭിക്കുകയുള്ളു എന്നാണ് സൂചന. ഉടമസ്ഥാവകാശം രേഖയായി ഇല്ലാത്തവര്‍ക്ക് ഏതുതരത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്നത് അടക്കമുള്ള തീരുമാനം ഈ സമിതിയാണ് എടുക്കുക.

ഫ്‌ലാറ്റുകള്‍ പൊളിപ്പിക്കുന്നത്തിനുള്ള കമ്പനികളെ തെരഞ്ഞെടുക്കാനും തുടര്‍ നിര്‍ദ്ദേശം നല്‍കുന്നതിനുമായി ഇന്‍ഡോറില്‍ നിന്നുള്ള നിയന്ത്രിത സ്‌ഫോടന വിദഗ്ധന്‍ ശരത് ബി സര്‍വാതെ ഇന്ന് കൊച്ചിയില്‍ എത്തിച്ചേരും. വെള്ളിയാഴ്ച സബ്കളക്ടറുടെ നേതൃത്വത്തില്‍ ഫ്‌ലാറ്റുകള്‍ പരിശോധിച്ച ശേഷം പൊളിക്കുന്നതിന് കരാര്‍ നല്‍കാന്‍ ഷോര്‍ട് ലിസ്റ്റ് ചെയ്ത കമ്പനികളുമായി സര്‍വാതെ കൂടിക്കാഴ്ച്ച നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here