Saturday, April 20, 2024
spot_img

പിണറായി സര്‍ക്കാരിന് വിനയായി സ്ഥിരപ്പെടുത്തലും, പിരിച്ചുവിടലും; സിഡിറ്റിലെ കൂട്ടസ്ഥിരപ്പെടുത്തലിലും വൈരുദ്ധ്യം; അഞ്ച് വർഷം പൂർത്തിയായവരെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന് വിനയായി സ്ഥിരപ്പെടുത്തലും പിരിച്ചുവിടലും. ഇപ്പോഴിതാ സിഡിറ്റിലെ 114പേരെ സ്ഥിരപ്പെടുത്തിയ ഉത്തരവിൽ, അഞ്ച് വർഷം പൂർത്തിയാക്കിയവരെ ഭാവിയിൽ പിരിച്ചുവിടണമെന്നാണ് പുതിയ നിർദ്ദേശം. പത്ത് വർഷം പൂർത്തിയായവരെ മാനുഷിക പരിഗണനയിൽ  സ്ഥിരപ്പെടുത്തുന്നുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുമ്പോഴാണ് ഇനി മുതൽ അഞ്ച് വർഷത്തിൽ കൂടുതൽ കരാർ നീട്ടേണ്ടെന്ന ഉത്തരവ് ഇറക്കിയിരിക്കുന്നത്. എന്നാല്‍ നിയമവകുപ്പിന്‍റെയും, ഐടി സെക്രട്ടറിയുടെയും വിയോജിപ്പ് മറികടന്നാണ് സിഡിറ്റിൽ 114പേരെ സ്ഥിരപ്പെടുത്താൻ മന്ത്രിസഭ തീരുമാനിച്ചത്. കടുത്ത സാമ്പത്തിക ബാധ്യത നേരിടുന്നതിനിടെ ജീവനക്കാരെ വെട്ടിക്കുറക്കാനുള്ള ശുപാർശകൾ മറികടന്നായിരുന്നു സിഡിറ്റിൽ കൂട്ട സ്ഥിരപ്പെടുത്തൽ നടത്തിയത്. മുഖ്യമന്ത്രി നേരിട്ട് മേൽനോട്ടം വഹിക്കുന്ന ഐടി വകുപ്പിന് കീഴിലെ പിൻവാതിൽ നിയമനങ്ങളിൽ ആക്ഷേപം ശക്തമാകുമ്പോഴാണ് സർക്കാർ ഉത്തരവിലെ വിചിത്രമായ നിർദ്ദേശം.

ഫെബ്രുവരി നാലിന് ഇറങ്ങിയ ഉത്തരവിൽ 114പേരെ സ്ഥിരപ്പെടുത്തുന്നതിൽ സർക്കാർ വിശദീകരിക്കുന്നത് മാനുഷിക പരിഗണനയും, മനുഷ്യത്വവും ഉയർത്തിക്കാട്ടിയാണ്. ഇതേകാരണം പറഞ്ഞാണ് സിപിഎം സംസ്ഥാന സെക്രട്ടറിയും, വ്യവസായ മന്ത്രിയും സ്ഥിരപ്പെടുത്തുന്നതിനെ ന്യായീകരിച്ചത്. എന്നാൽ ഇതെ ഉത്തരവിലെ എട്ടാമത്തെ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നത് മറ്റൊന്നാണ്. അ‌ഞ്ച് വർഷത്തിൽ കൂടുതൽ കരാർ ജീവനക്കാരെ ജോലിയിൽ തുടരുന്നതിന് അനുവദിക്കാൻ പാടില്ലെന്നാണ് സിഡിറ്റിനുള്ള നിർദ്ദേശം. സ്ഥിരപ്പെടുത്തലിലെയും പിരിച്ചുവിടലിലെയും ഈ വ്യത്യസ്ത നിലപാടും രാഷ്ട്രീയവും സർക്കാരിന്‍റെ ഇതുവരെയുള്ള വിശദീകരണങ്ങളെ തിരിഞ്ഞുകൊത്തുകയാണ്.

Related Articles

Latest Articles