Thursday, April 25, 2024
spot_img

സന്നിധാനത്ത് വിളഞ്ഞ നെൽക്കതിർ കൊണ്ട് ശ്രീ ശബരീശന് നിറപുത്തരി

ശബരിമല: ചരിത്രത്തിലാദ്യമായി സന്നിധാനത്തു കൃഷി ചെയ്ത നെൽക്കതിർ കൊണ്ട് ശബരീശന് നിറപുത്തരിയൊരുക്കി ദേവസ്വം ബോർഡ്. പുലർച്ചെ 5.50നും 6.20നും മധ്യേ സന്നിധാനത്ത് നടന്ന നിറപുത്തരി പൂജയിൽ മാളികപ്പറം ക്ഷേത്രത്തിനു സമീപത്തെ പാലാഴി ഗസ്റ്റ് ഹൗസിനടുത്ത് കൃഷി ചെയ്ത നെൽക്കതിരുകളാണ് ഉപയോഗിച്ചത്. നിറപുത്തരിക്കായി പുലർച്ചെ 4മണിക്ക് നട തുറന്നു. തുടർന്ന് നിർമ്മാല്യദർശനത്തിനും അഭിഷേകത്തിനും മഹാഗണപതിഹോമത്തിനും ശേഷം മണ്ഡപത്തിൽ പൂജചെയ്ത നെൽകതിരുകൾ കൊണ്ട് ശ്രീകോവിലിൽ നിറപുത്തരിപൂജ നടന്നു. കോവിഡ് വ്യാപനത്തിൻ്റെ സാഹചര്യത്തില്‍ ഇക്കുറി നിറപുത്തരി ആഘോഷം ചടങ്ങുമാത്രമായിട്ടാണ് നടത്തിയത്. 2018ലെ മഹാപ്രളയകാലത്തും നിറപുത്തരിപൂജ ചടങ്ങ് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു.

നാടിന്‍റെ സമൃദ്ധിയുടെ സങ്കൽപ്പവുമായി ബന്ധപ്പെട്ടാണു നിറപുത്തരി പൂജ നടത്തുന്നത്. കൊയ്തെടുക്കുന്ന കറ്റകളിൽ നിന്നുള്ള അരിയാണ് ഈ ദിവസം നിവേദ്യത്തിന് ഉപയോഗിക്കുക. 2018ലെ ആദ്യ പ്രളയത്തിൽ നിറപുത്തിരി പൂജകൾക്കുള്ള നെൽക്കതിർ സന്നിധാനത്തെത്തിച്ചത് പമ്പ നീന്തിക്കടന്നായിരുന്നു. ഈ സാഹചര്യത്തിലാണ് ഇനി പ്രളയം വന്നാലും നിറപുത്തരി നിവേദ്യം മുടങ്ങരുതെന്ന തീരുമാനത്തിൽ സന്നിധാനത്ത് വിത്തുവിതച്ചത്.

കഴിഞ്ഞ ഏപ്രിൽ ആദ്യവാരമാണ് ശബരിമല, മാളികപ്പുറം മേൽശാന്തിമാരും ദേവസ്വം ജീവനക്കാരും ചേർന്നു സന്നിധാനത്തു നെല്ല് വിതച്ചത്. കഴിഞ്ഞ ദിവസം ശബരിമല മേൽശാന്തി എ.കെ. സുധീർ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തി എം.എസ്. പരമേശ്വരൻ നമ്പൂതിരിയും ദേവസ്വം മരാമത്ത് എൻജിനീയർ സുനിൽകുമാറും ചേർന്നാണ് നിറപുത്തരിക്കായി വിളഞ്ഞ നെൽക്കതിരുകൾ കൊയ്‌തെടുത്ത് കതിർക്കറ്റകളാക്കിയത്.

Related Articles

Latest Articles