Saturday, July 6, 2024
spot_img

ടി പി വധക്കേസ് പ്രതികളെ തുറന്നുവിടാൻ പിണറായി സർക്കാരിന്റെ ശ്രമം; ഹൈക്കോടതിയെ നോക്കുകുത്തിയാക്കി പിന്നണിയിൽ നീക്കങ്ങൾ സജീവം; ശിക്ഷായിളവിന് മുന്നോടിയായുള്ള പോലീസ് റിപ്പോർട്ട് തേടിക്കൊണ്ടുള്ള കത്ത് പുറത്ത്

കണ്ണൂർ: കേരളത്തിന്റെ മനുഷ്യമനസാക്ഷിയെ നടുക്കിയ ടി പി വധക്കേസ് പ്രതികളിൽ ചിലരെ ശിക്ഷയിളവ് നൽകി പുറത്തുവിടാൻ സർക്കാർ നീക്കമെന്ന് സൂചന. പ്രതികളായ ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സജിത്ത് തുടങ്ങിയവർക്ക് ശിക്ഷയിളവ് നൽകാനുള്ള നീക്കമാണ് പുറത്തായത്. ശിക്ഷയിളവ് നൽകുന്നതിന് മുന്നോടിയായുള്ള പ്രതികളുടെ പോലീസ് റിപ്പോർട്ട് തേടികൊണ്ടുള്ള കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ കത്ത് ഒരു മാദ്ധ്യമം പുറത്തുവിട്ടിട്ടുണ്ട്. ശിക്ഷയിളവ് ഇല്ലാത്ത ജീവപര്യന്തം ശിക്ഷയാണ് ഹൈക്കോടതി പ്രതികൾക്ക് വിധിച്ചിരുന്നത്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ശിക്ഷാ ഇളവ് നൽകുന്ന പ്രതികൾക്കൊപ്പം ടി പി കേസ് പ്രതികളെയും കുത്തിത്തിരുകാനാണ് സർക്കാർ ശ്രമം.

പ്രതികളുടെ അപ്പീൽ തള്ളിക്കൊണ്ടാണ് ഹൈക്കോടതി ശിക്ഷ വർധിപ്പിച്ചത്. പ്രതികൾക്ക് ജയിലിൽ പ്രത്യേക പരിഗണന കിട്ടുന്നുണ്ടെന്നും അനധികൃതമായി പരോളുകൾ അനുവദിക്കുന്നുവെന്നും നേരത്തെ ആരോപണങ്ങൾ ഉയർന്നിരുന്നു. നടപടി നിയമവിരുദ്ധവും നിയമത്തോടുള്ള വെല്ലുവിളിയുമാണെന്ന് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ആയിരത്തിലധികം ആളുകൾ പ്രതികൾക്കെതിരെ സാക്ഷിപറഞ്ഞിരുന്നു. ഇവരുടെ സുരക്ഷ അപകടത്തിലാക്കുന്ന നടപടിയാണ് സർക്കാരിന്റേതെന്നും നടപടി കോടതിയിൽ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ ശ്രമം നീതികേടാണെന്നും രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് കെ കെ രമ എം എൽ എ പറഞ്ഞു.

Related Articles

Latest Articles