Thursday, April 25, 2024
spot_img

“ഹിയർ കംസ് ദി നെക്സ്റ്റ് ക്വസ്റ്റിയൻ”…ലോകത്തോട് പോലും സംവദിച്ച ലാറി കിംഗ് വിടവാങ്ങി

വിശ്വവിഖ്യാത അഭിമുഖപ്രതിഭ ലാറി കിംഗ് അന്തരിച്ചു. ലോസ് ഏഞ്ജൽസിൽ കൊവിഡ് രോഗലക്ഷണങ്ങളോടെ സെഡാർസ് – സിനായ് മെഡിക്കൽ സെന്‍ററിൽ ചികിത്സയിലായിരുന്നു ലാറി കിംഗ്.  ഏറെക്കാലം അമേരിക്കൻ (അഭിമുഖ) ടെലിവിഷൻ ലോകത്തിന്‍റെ തന്നെ ഗതിവിഗതികൾ നിർണയിച്ച വ്യക്തിയായിരുന്നു ലാറി കിംഗ്. അമേരിക്ക സംസാരിച്ചതും സംവദിച്ചതും കിംഗിലൂടെയെന്ന് പറഞ്ഞാലും ഒരു തെറ്റുമില്ല. ബൗദ്ധികമായ ചോദ്യങ്ങളൊന്നും പക്ഷേ കിംഗിൽ നിന്ന് ഉണ്ടായിരുന്നില്ല. വലിയ കനപ്പെട്ട ചോദ്യങ്ങളല്ല കിംഗ് ചോദിച്ചതും. കാഴ്ചക്കാർക്ക് അറിയുന്നതിൽക്കൂടുതലൊന്നും തനിക്ക് മുന്നിൽ വന്നിരിക്കുന്നയാളെക്കുറിച്ച് അറിയാതിരിക്കാനാണ് താൻ ശ്രമിക്കാറ് എന്ന് കിംഗ് പറയാറുണ്ട്. ഏറ്റവും നിഷ്കളങ്കമായി, കാഴ്ചക്കാർക്ക് ചോദിക്കാനുള്ളത് അങ്ങനെയാണ് താൻ അഭിമുഖത്തിന് മുന്നിലിരിക്കുന്നവരോട് ചോദിക്കുന്നതെന്നും കിംഗ് പറയും.  അമേരിക്കയിൽ ഏറ്റവും അറിയപ്പെട്ട അഭിമുഖകാരനായി കിംഗ് മാറിയതും അങ്ങനെയാണ്.

ലാറി കിംഗ് ലൈവ് – എന്ന സിഎൻഎന്നിലെ ഷോ, അതിന്‍റെ റെക്കോഡ് ഹിറ്റായിരുന്ന കാലത്ത് ഒരു ദിവസം 15 ലക്ഷം വ്യൂസ് വരെ വാരിക്കൂട്ടിയിട്ടു. തന്‍റെ കരിയറിൽ ഏതാണ്ട് 30,000 അഭിമുഖങ്ങൾ കിംഗ് നടത്തിയിട്ടുണ്ട്. മിക്കവാറും എല്ലാം വിശ്വപ്രസിദ്ധ ലോകനേതാക്കൾ. യാസർ അറഫാത്, നെൽസൺ മണ്ടേല, വ്ലാദിമിർ പുചിൻ, റിച്ചാർഡ് നിക്സൻ മുതലിങ്ങോട്ട് ഡോണൾഡ് ട്രംപ് വരെയുള്ള എല്ലാ പ്രസിഡന്‍റുമാരും. ഫ്രാങ്ക് സിനാത്ര മുതലിങ്ങോട്ട് ലേഡി ഗാഗ വരെയുള്ള എല്ലാ സെലിബ്രിറ്റികളും.  1933-ൽ ബ്രൂക്ക്‍ലിനിൽ ഒരു യാഥാസ്ഥിതിക ജൂത കുടുംബത്തിലാണ് ലാറി കിംഗ് ജനിച്ചത്. ഒരു റസ്റ്റോറന്‍റ് ഉടമയായിരുന്ന ആരോൺ ആയിരുന്നു അച്ഛൻ. ലിത്വാനിയൻ സ്വദേശിനിയായിരുന്ന ജെന്നിയായിരുന്നു അമ്മ. റേഡിയോയിൽ ഒരു ജോലിയെന്നതായിരുന്നു വളർന്ന നാളെല്ലാം ലാറിയുടെ സ്വപ്നം. ഫ്ലോറിഡയിലെ മിയാമി ബീച്ചിൽ 1957-ൽ ഒരു മോണിംഗ് ഡിജെയിൽ ജോലി കിട്ടിയതാണ് തുടക്കം. അവിടെ നിന്ന് നാഷണൽ ബ്രോഡ്കാസ്റ്റിംഗിലേക്ക്, പിന്നീട് സൗമ്യമായ അഭിമുഖങ്ങളുടെ ലോകത്തേക്ക്. 

1985-ലാണ് കിംഗ് സിഎൻഎന്നിലെത്തുന്നത്. 2010- വരെ 25 വർഷത്തെ കാലയളവ്. പക്ഷേ, 2010-ൽ കിംഗിന് അഭിമുഖങ്ങളുടെ സ്ലോട്ട് ബ്രിട്ടിഷ് ടിവി ഹോസ്റ്റ് പിയേഴ്സ് മോർഗന് കൈമാറി കളമൊഴിയേണ്ടി വന്നത് വിവാദമായിരുന്നു. 2012 വരെ സ്പെഷ്യൽ അഭിമുഖങ്ങൾ നടത്താൻ കിംഗ് സിഎൻഎന്നിലെത്തി. പിന്നീട് സ്വന്തമായി ഒരു ടിവി തുടങ്ങി. പേര് ഓറ ടിവി.  എട്ട് തവണ വിവാഹിതനായിട്ടുണ്ട് ലാറി കിംഗ്. ഏഴ് ജീവിതപങ്കാളികളുണ്ടായിരുന്നു. അഞ്ച് മക്കളുണ്ട്.

Related Articles

Latest Articles