Thursday, April 25, 2024
spot_img

അന്താരാഷ്ട്ര തലത്തില്‍ പാക്കിസ്ഥാന്‍ ഒറ്റപ്പെട്ടു; ഒരു രാജ്യവും വായ്പ നല്‍കുന്നില്ല; വാക്സിന്‍ വാങ്ങാന്‍ പോലും പണമില്ലാതെ നട്ടം തിരിഞ്ഞ് ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പണം കണ്ടെത്താന്‍ മാര്‍ഗം തേടി നട്ടം തിരിയുകയാണ് പാക്കിസ്ഥാന്‍. ഇതിനായി ഇസ്ലാമാബാദിലെ ഏറ്റവും വലിയ പാര്‍ക്ക് 50,000 കോടി രൂപയ്ക്ക് പണയം വയ്ക്കാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍ സ്ഥാപകന്‍ മുഹമ്മദ് അലി ജിന്നയുടെ ഇളയ സഹോദരി മദര്‍-ഇ മില്ലത്ത് ഫാത്തിമ ജിന്നയുടെ പേരിലുള്ള പാര്‍ക്ക് (എഫ്-9) ഏകദേശം 759 ഏക്കര്‍ പ്രദേശത്താണ് വ്യാപിച്ചുകിടക്കുന്നത്. ചൊവ്വാഴ്ച വീഡിയോ കോണ്‍ഫറന്‍സ് വഴി നടക്കുന്ന ഫെഡറല്‍ ക്യാബിനറ്റ് യോഗത്തില്‍ ഇതു സംബന്ധിച്ച നിര്‍ദേശം പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ മുന്നോട്ടുവെക്കുമെന്നാണ് പാക്കിസ്ഥാനിലെ ഡാണ്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

എന്നാൽ അജണ്ടയില്‍ ആറാമതായാണ് പാര്‍ക്ക് പണയം വെച്ച്‌ പണം കണ്ടെത്താനുള്ള ധനമന്ത്രാലയത്തിന്റെ നിര്‍ദേശം ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാക്കിസ്ഥാനിലെ ഏറ്റവും പച്ചപ്പുള്ള പ്രദേശമാണ് ഈ പാര്‍ക്ക്. പണയം വെക്കുന്നതിന് നേരത്തെ ക്യാപിറ്റല്‍ ഡെവലപ്മെന്റ് അതോറിറ്റി നേരത്തെ തന്നെ നിരാക്ഷേപ പത്രം (എന്‍ഒസി) നല്‍കിയതായാണ് റിപ്പോര്‍ട്ട്. അതേസമയം രാജ്യത്തെ പ്രധാന കെട്ടിടങ്ങളും സ്ഥാപനങ്ങളും റോഡുകളും പണയംവെച്ച്‌ ദേശീയ അന്തര്‍ദേശീയ ബോണ്ടുകളിലൂടെ വായ്പ എടുക്കുന്നത് പാക്കിസ്ഥാനില്‍ ആദ്യ സംഭവമല്ല.

സൗദി അറേബ്യയുമായും യുണൈറ്റഡ് അറബ് എമിറേറ്റുമായുമുള്ള (യുഎഇ) പാക്കിസ്ഥാന്റെ ബന്ധം വഷളായുകൊണ്ടിരിക്കുന്ന സമയത്താണ് ഇത് സംഭവിക്കുന്നത്. പാക്കിസ്ഥാന്റെ പ്രധാന വായ്പാ സ്രോതസ്സുകളായിരുന്നു ഇരു രാജ്യങ്ങളും. നേരത്തെ എടുത്ത മൂന്ന് ബില്യണ്‍ ഡോളറിന്റെ വായ്പ തിരികെ അടയ്ക്കണമെന്ന് സൗദി അറേബ്യ 2020 ആഗസ്റ്റില്‍ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. അടുത്തിടെ പാക്കിസ്ഥാനി തൊഴിലാളികള്‍ക്ക് തൊഴില്‍ വിസ അനുവദിക്കുന്നത് യുഎഇയും നിരോധിച്ചിരുന്നു.

അതേസമയം കോവിഡ് വാക്‌സിന്‍ ഇറക്കുമതി ചെയ്യാന്‍ പോലും പണമില്ലാതെ പാക്കിസ്ഥാന്‍ നട്ടംതിരിയുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മറ്റ് രാജ്യങ്ങളെല്ലാം തന്നെ സുഹൃദ് രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ വാക്‌സിന്‍ സ്വീകരിക്കാന്‍ തയ്യാറായി കഴിഞ്ഞിട്ടും പാക്കിസ്ഥാന്‍ സര്‍ക്കാര്‍ എന്ത് ചെയ്യണമെന്ന് അറിയാതെ ആശങ്കയിലാണ്. സ്വന്തമായി വാക്‌സിന്‍ വികസിപ്പിക്കാന്‍ കഴിയുന്ന കമ്പനികളുടെ അഭാവവും പാക്കിസ്ഥാന് തിരിച്ചടിയായി. രാജ്യത്ത് അടിയന്തിരമായി ആവശ്യമുള്ളവര്‍ക്ക് പോലും വാക്‌സിന്‍ നല്‍കാന്‍ കഴിയാത്ത രീതിയില്‍ പാകിസ്ഥാനില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Related Articles

Latest Articles