Thursday, April 25, 2024
spot_img

പാകിസ്ഥാന് അമേരിക്കയുടെ താക്കീത്:മുബൈ ഭീകരാക്രമണത്തില്‍ ഹഫീസ് സയീദിന്റെ പങ്ക് വ്യക്തമാക്കണം


വാഷിംഗ്ടണ്‍: 2008-ലെ മുംബൈ ഭീകരാക്രമണമടക്കം നിരവധി ഭീകരപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തതില്‍ ജമാഅത്ത് ഉദ് ദാവ മേധാവി ഹാഫിസ് സയീദിന്റെ പങ്ക് വ്യക്തമാക്കണമെന്ന് പാകിസ്ഥാന് അമേരിക്കയുടെ താക്കീത്. 2008-ലെ മുംബൈ ആക്രമണത്തില്‍ 6 അമേരിക്കക്കാര്‍ ഉള്‍പ്പെടെ 66 നിരപരാധികളെ കൊന്നൊടുക്കിയ നിരവധി ഭീകരപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തതില്‍ ഹാഫിസ് സയീദിന് പങ്കുണ്ടെന്ന് ശക്തമായി ആവര്‍ത്തിക്കുന്നു എന്നാണ് യുഎസിന്റെ പ്രസ്താവന. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കിയ കേസുകളില്‍ സയീദിനെ ശിക്ഷിച്ചതിനെക്കുറിച്ച് പ്രതികരിക്കുന്നതിനിടെയാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ഇക്കാര്യം പറഞ്ഞത്. ദക്ഷിണേഷ്യയിലെ സമാധാനത്തിനും സുസ്ഥിരതയ്ക്കും ഭീഷണിയാകുന്ന തീവ്രവാദ ഗ്രൂപ്പിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിന്റെ ആദ്യപടിയാണ് ഹഫീസ് സയീദിനെ തീവ്രവാദ ധനസഹായത്തിന് ശിക്ഷിച്ചതെന്ന് വക്താവ് പറഞ്ഞു.

ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ധനസമാഹരണം നടത്തുകയോ തീവ്രവാദത്തിന് വേണ്ടി വാദിക്കുകയോ ചെയ്യുന്ന വ്യക്തികള്‍ക്കെതിരെ ഉചിതമായ നിയമനടപടി തുടരാന്‍ ഞങ്ങള്‍ പാകിസ്ഥാനോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

യുഎസിന്റെ ദക്ഷിണ മധ്യേഷ്യന്‍ കാര്യങ്ങളുടെ പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ആലീസ് വെല്‍സ് ആണ് 26/11 മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ ഹാഫിസ് സയീദിനെ ശിക്ഷിച്ചതിന് പ്രതികരണമറിയിച്ചത്.

പാകിസ്ഥാനിലെ ലാഹോറിലെ തീവ്രവാദ വിരുദ്ധ കോടതിയാണ് ഹാഫിസ് സയിദിനെ ശിക്ഷിച്ചത്. ഭീകരപ്രവര്‍ത്തനത്തിന് ധനസഹായം എത്തിച്ച് കേസുകളില്‍ അഞ്ചര വര്‍ഷം തടവും ഓരോ കേസിലും 15,000 രൂപ പിഴയുമാണ് ശിക്ഷ.

Related Articles

Latest Articles