ദില്ലി: ചന്ദ്രയാന്‍ 2 ദൗത്യത്തില്‍ അവസാനഘട്ടത്തില്‍ നിരാശ ആയെങ്കിലും ഇന്ത്യന്‍ ബഹിരാകാശ ശ്രമത്തിന് ലോകത്തെമ്പാട് നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. അമേരിക്കയുടെ നാസയുള്‍പ്പെടെ ഇന്ത്യയെ അഭിനന്ദിക്കുമ്പോള്‍ മറ്റൊരു രാജ്യത്തിനും എത്താനാകാത്തയിടത്ത് എത്തിയ ഇന്ത്യയുടെ ഈ വിജയത്തില്‍ അഭിനന്ദനവുമായി പാകിസ്ഥാനി ഗവേഷകയും, ആദ്യ പാകിസ്ഥാനി ബഹിരാകാശ യാത്രികയുമാകാന്‍ പോകുന്ന നമീറ സലിം എത്തിയിരിക്കുകയാണ്.

പാകിസ്ഥാനില്‍ നിന്നുമുള്ള ആദ്യ ബഹിരാകാശ യാത്രികയാകാന്‍ പോകുന്ന വ്യക്തിയാണ് നമീറ സലിം. ഈ ഐതിഹാസിക വിജയത്തില്‍ ഇന്ത്യയെ അഭിനന്ദിച്ച ഇവര്‍ ഇന്ത്യയെയുടെയും, ഐഎസ്ആര്‍ഒയുടേയും ഐതിഹാസിക വിജയത്തെ ഞാന്‍ അഭിനന്ദിക്കുന്നു എന്നും പറഞ്ഞു.

‘ചന്ദ്രയാന്‍ 2 ചാന്ദ്ര ദൗത്യം ഇന്ത്യക്ക് മാത്രമല്ല ദക്ഷിണേഷ്യയ്ക്ക് ആകമാനം ഒരു വലിയ ചുവടുവയ്പ്പാണ്. ലോകത്താകമാനമുള്ള ബഹിരാകാശ വ്യവസായത്തെ ഇത് അഭിമാനത്തിന് വക നല്‍കുന്നു.’ നമീറ സലിം പറഞ്ഞു.

ബ്രിട്ടീഷ് സംരംഭകനും വ്യവസായിയുമായ സര്‍ റിച്ചാര്‍ഡ് ബ്രാന്‍സന്റെ ‘വിര്‍ജിന്‍ ഗാലക്ടിക്’ എന്ന ബഹിരാകാശ പേടകത്തിലൂടെയാണ് നമീറ ബഹിരാകാശത്ത് എത്താന്‍ പോവുകയാണ്. ബ്രാന്‍സന്റെ ക്രൂവിലെ ഒരേയൊരു പാകിസ്ഥാനി അംഗമായിരുന്നു നമീറ.

ബഹിരാകാശത്ത് രാഷ്ട്ര വിഭജനങ്ങള്‍ അലിഞ്ഞില്ലാതാകുമെന്നും. ബഹിരാകാശ ദൗത്യങ്ങള്‍ ശ്രദ്ധേയമായ നേട്ടങ്ങളാണ് കൈവരിക്കുന്നത്. ഏതുരാജ്യമാണ് ഇതു നടത്തുന്നതെന്നതിലുപരി നേട്ടങ്ങളെ ശ്രദ്ധിക്കണമെന്ന് അവര്‍ പറഞ്ഞു.

ഇന്ത്യയുടെ ചന്ദ്രയാന്‍ 2 ദൗത്യത്തെ പരിഹസിച്ച് പാക്കിസ്ഥാന്റെ ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ഹുസൈന്‍ ചൗധരി ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരെ പാകിസ്ഥാനില്‍ നിന്നും പ്രതിഷേധം ഉയരുന്നതിനിടെയാണ് പാകിസ്ഥാനിലെ ആദ്യത്തെ ബഹിരാകാശ യാത്രികയാകാന്‍ പോകുന്ന വനിതയുടെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here