Thursday, July 4, 2024
spot_img

ഭാരതീയ ന്യായ സംഹിത; കേരളത്തിലെ ആദ്യ എഫ്ഐആർ മലപ്പുറത്ത്; രാജ്യത്തെ ആദ്യ കേസ് ഗ്വാളിയറില്‍; ദില്ലിയിലെ ‘ആദ്യ കേസ്’ റദ്ദാക്കി

മലപ്പുറം: പ്രാബല്യത്തിൽ വന്നതിന് പിന്നാലെ ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യത്തെ കേസ് രജിസ്റ്റർ ചെയ്തത് മലപ്പുറത്ത്. ഇരുചക്രവാഹനത്തിൽ ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് കൊണ്ടോട്ടി പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച പുലർച്ചെ 12.19-നാണ് കേസ് രജിസ്റ്റർ ചെയ്തത്. ക്രൈം നമ്പർ 936 പ്രകാരമാണ് കർണാടകയിലെ കൊടക് മടികേരി സ്വദേശിയായ മുഹമ്മദ് ഷാഫിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

അതേസമയം, രാജ്യത്തെ ആദ്യ കേസ് രജിസ്റ്റർ ചെയ്തത് ദില്ലിയിലായിരുന്നെങ്കിലും പിന്നീട് കേസ് റദ്ദാക്കിയതായി ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. റോഡ് തടസപ്പെടുത്തിയന്നാരോപിച്ച് തെരുവു കച്ചവടക്കാരനെതിരെയായിരുന്നു കേസ്. നിലവിൽ ആദ്യ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത് മദ്ധ്യപ്രദേശിലെ ഗ്വാളിയറിലാണ്. മോട്ടർ സൈക്കിൾ മോഷണത്തിനാണ് പുതിയ നിയമപ്രകാരം ആദ്യ കേസെടുത്തത്. രണ്ടാമത്തെ കേസ് ഛത്തീസ്ഗഡിലെ കബീര്‍ധാം ജില്ലയിലെ പോലീസ് സ്റ്റേഷനിലും റജിസ്റ്റർ ചെയ്തു.

ഭാരതീയ ന്യായസംഹിത പ്രാബല്യത്തിൽ വന്നതോടെ 164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാ നിയമം അടക്കമുള്ള മൂന്ന് നിയമങ്ങൾ ചരിത്രമായി മാറി. ഐപിസിക്ക് പകരമായി ഭാരതീയ ന്യായസംഹിത, സിആർപിസിക്ക് പകരമായി ഭാരതീയ നാ​ഗരിക് സുരക്ഷാ സംഹിതയും ഇന്ത്യൻ തെളിവ് നിയമത്തിന് പകരമായി ഭാരതീയ സാക്ഷ്യ അധിനീയവുമാണ് പ്രാബല്യത്തിൽ വന്നത്.

Related Articles

Latest Articles