ഓള്‍റൗണ്ടര്‍ യൂസഫ്‌ പഠാന്‍ സജീവ ക്രിക്കറ്റില്‍നിന്നു വിരമിച്ചു

All-rounder Yousuf Padhan retires from active cricket

0

ഇന്ത്യയുടെ ഓള്‍റൗണ്ടര്‍ യൂസഫ്‌ പഠാന്‍ സജീവ ക്രിക്കറ്റില്‍നിന്നു വിരമിച്ചു. 38 വയസുകാരനായ യൂസഫ്,‌ ട്വിറ്ററിലൂടെയാണ് വിരമിക്കല്‍ സന്ദേശം പുറത്തുവിട്ടത്‌. ഇന്ത്യക്കു വേണ്ടി രണ്ടുവട്ടം ലോകകപ്പ്‌ നേടിയ താരമാണ്‌. 2007 ലെ പ്രഥമ ട്വന്റി20 ലോകകപ്പിലും 2011 ലെ ഏകദിന ലോകകപ്പിലും ഇന്ത്യ ജേതാക്കളാകുമ്പോള്‍ യൂസഫ്‌ ടീമിലുണ്ടായിരുന്നു. ട്വന്റി20 ലോകകപ്പിലെ പാകിസ്‌താനെതിരേ നടന്ന ഫൈനലില്‍ മുഹമ്മദ്‌ ആസിഫ്‌ എറിഞ്ഞ ആദ്യ പന്ത്‌ സിക്‌സറടിച്ച്‌ യൂസഫ്‌ കാണികളെ ആവേശത്തിലാക്കി.

ശ്രീലങ്കയെ തോല്‍പ്പിച്ച്‌ ഏകദിന കിരീടം നേടിയതിനു പിന്നാലെ യൂസഫ്‌ പഠാൻ മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറിനെ തോളിലേറ്റി നടന്നതു മാധ്യമങ്ങള്‍ ആഘോഷിച്ചിരുന്നു. 2012 മാര്‍ച്ച്‌ 30 നാണു പഠാൻ ‌ഇന്ത്യക്കു വേണ്ടി അവസാനം കളിച്ചത്‌. ജൊഹാനസ്‌ബര്‍ഗില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയായിരുന്നു മത്സരം. 2007 മുതല്‍ 2012 വരെ 57 ഏകദിനങ്ങളും 22 ട്വന്റി20 കളും കളിച്ചു. ഏകദിനത്തില്‍ 27.00 ശരാശരിയില്‍ 810 റണ്ണെടുത്തു. 113.60 സ്‌ട്രൈക്ക്‌ റേറ്റുള്ള അദ്ദേഹത്തിന്റെ പേരില്‍ രണ്ട്‌ സെഞ്ചുറികളും മൂന്ന്‌ അര്‍ധ സെഞ്ചുറികളുമുണ്ട്‌. ഓഫ്‌ ബ്രേക്ക്‌ ബൗളര്‍ കൂടിയായ യൂസഫ്‌ 33 വിക്കറ്റുകളുമെടുത്തു. 37 റണ്ണാണു ട്വന്റി20 യിലെ ഉയര്‍ന്ന സ്‌കോര്‍.