ദില്ലി: ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെതിരെയും താഴ്വരയിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതും ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളിലെ പിഴവ് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. വിഷയത്തിൽ ആറ് ഹർജികളാണ് സുപ്രീംകോടതിയുടെ മുന്നിലെത്തിയത്. ഇതിൽ മൂന്ന് എണ്ണത്തിലും ഗുരുതര പിഴവുണ്ടെന്നായിരുന്നു ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയിയുടെ വിമർശനം.

അഭിഭാഷകനായ എം എൽ ശർമ സമർപ്പിച്ച ഹർജിക്കെതിരേ ചീഫ് ജസ്റ്റീസ് രൂക്ഷ പരാമർശം നടത്തി. ഹർജി മുഴുവൻ വായിച്ചിട്ടും ഹർജിക്കാരന്‍റെ ആവശ്യമെന്താണെന്ന് പോലും മനസിലായില്ലെന്നായിരുന്നു ചീഫ് ജസ്റ്റീസിന്‍റെ വിമർശനം. തുടർന്നാണ് വിഷയത്തിൽ സമർപ്പിച്ച മൂന്ന് ഹർജികളിൽ പിഴവുണ്ടെന്ന് രജിസ്ട്രാർ കോടതിയെ അറിയിച്ചത്.

ഇത്രയും പ്രാധാന്യമുള്ള വിഷയത്തിൽ സമർപ്പിച്ച ഹർജികളിൽ എങ്ങനെ ഗുരുതര പിഴവുകൾ വന്നുകൂടിയെന്ന് കോടതി ചോദിച്ചു. വ്യക്തതയില്ലാത്ത ഈ ഹർജികൾ തള്ളാത്തത് തെറ്റായ സന്ദേശം നൽകുമെന്നതിനാലാണെന്നും ചീഫ് ജസ്റ്റീസ് ഓർമിപ്പിച്ചു.

പിഴവുകൾ ഒന്നുമില്ലായിരുന്നുവെങ്കിലും മാധ്യമ നിയന്ത്രണം ചോദ്യം ചെയ്ത് കശ്മീർ ടൈംസ് സമർപ്പിച്ച ഹർജിയിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു. ആർട്ടിക്കിൾ-370 റദ്ദാക്കിയ ശേഷവും കശ്മീർ ടൈംസ് എല്ലാ ദിവസവും പ്രസിദ്ധീകരിച്ചിരുന്നുവെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു.

ജമ്മുവിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ താത്കാലികമാണെന്നും ദിനംപ്രതി നിയന്ത്രണങ്ങൾ ഒഴിവാക്കി വരികയാണെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ പറഞ്ഞു. ഇതേതുടർന്ന് പിഴവുകൾ തിരുത്താൻ കൂടി സമയം അനുവദിച്ച് ഹർജികൾ അടുത്തയാഴ്ചത്തേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here