Thursday, March 28, 2024
spot_img

ഇനി എംപിമാര്‍ വില കൊടുത്ത് ഭക്ഷണം കഴിക്കേണ്ടി വരും; പാർലമെന്റ് കാന്റീനിൽ എംപിമാർക്കുള്ള സബ്‌സിഡി നിര്‍ത്തലാക്കി

ദില്ലി: പാർലമെന്റിലെ കാന്റീനിൽ എംപിമാർക്കും മറ്റുള്ളവർക്കും നൽകി വന്ന സബ്‌സിഡി നിർത്തലാക്കി. ലോക്‌സഭാ സ്പീക്കർ ഓംബിർലയാണ് ഇക്കാര്യം അറിയിച്ചത്. സബ്‌സിഡി നിർത്തലാക്കുന്നതോടെ എംപിമാർ ഉൾപ്പെടെയുള്ളവർക്ക് ഭക്ഷണത്തിന് ഇനി ഉയർന്ന വില നൽകേണ്ടി വരും. അതേസമയം ഇത് സംബന്ധിച്ച കൂടുതൽ വിശദ വിവരങ്ങൾ സ്പീക്കർ വ്യക്തമാക്കിയിട്ടില്ല. എന്നാൽ സബ്‌സിഡി നിർത്തലാക്കുന്നതോടെ ലോക്‌സഭാ സെക്രട്ടറിയേറ്റിന് പ്രതിവർഷം എട്ടു കോടിയിലേറെ രൂപയുടെ ലാഭം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. അടുത്ത പാർലമെന്റ് സമ്മേളനത്തിന്റെ വിശദാംശങ്ങൾ മാദ്ധ്യമങ്ങളെ അറിയിക്കവെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

നോർത്തേൺ റെയിൽവേ നടത്തിവന്നുകൊണ്ടിരുന്ന കാന്റീന്‍ ഇത്തവണ മുതൽ ഇന്ത്യൻ ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷനാണ് നടത്തുകയെന്നും ഓംബിർല വ്യക്തമാക്കി. ജനുവരി 29 നാണ് പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിക്കുന്നത്. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് രണ്ടു മണി വരെയായിരിക്കും രാജ്യസഭ ചേരുന്നത്. വൈകിട്ട് നാലു മുതൽ രാത്രി എട്ടു വരെ ലോക്‌സഭയും സമ്മേളിക്കും. അതേസമയം ഒരു മണിക്കൂറായിരിക്കും ചോദ്യോത്തര വേള നടക്കുക. സമ്മേളനത്തിന് മുന്നോടിയായി എല്ലാ അംഗങ്ങളെയും കൊറോണ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും സ്പീക്കര്‍ അറിയിച്ചു.

Related Articles

Latest Articles