ഷീലാദീക്ഷിതിന്‍റെ പെട്ടെന്നുള്ള മരണത്തിന് കാരണക്കാരന്‍ പി സി ചാക്കോയാണെന്ന് ആരോപിച്ച് മകന്‍ സന്ദീപ് ദീക്ഷിത് രംഗത്ത്. പി സി ചാക്കോയ്ക്ക് അയച്ച കത്തിലാണ് ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുടെ മകന്‍ ഇക്കാര്യം പരാമര്‍ശിക്കുന്നത്.സന്ദീപ് ദീക്ഷിത് ഉന്നയിച്ച ഗുരുതര ആരോപണത്തെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ കലാപം പൊടിപൊടിക്കുകയാണ്.തന്‍റെ അമ്മയുടെ പെട്ടെന്നുള്ള മരണത്തിനു കാരണം പി സി ചാക്കോയുമായി ഉണ്ടായ സംഘർഷത്തിൻ്റെ മാനസ്സിക സമ്മർദ്ദം മൂലമാണെന്നാണ് സന്ദീപ് ദീക്ഷിത് കത്തിലൂടെ ആരോപിക്കുന്നത്.

ഷീല ദീക്ഷിതിൻ്റെ അവസാന നാളുകളിൽ കോണ്‍ഗ്രസ് ഡൽഹി ഘടകത്തിന്‍റെ ചുമതല വഹിച്ചിരുന്ന പി സി ചാക്കോയുമായി കടുത്ത അഭിപ്രായ വ്യത്യാസങ്ങൾ നിലനിന്നിരുന്നു, കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുമായി ചേർന്ന് പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് കടുത്ത അഭിപ്രായ ഭിന്നതകൾ ഇരുവരും തമ്മിൽ ഉരുത്തിരിഞ്ഞിരുന്നു, ഇത് പിന്നീട് പ്രസ്താവനാ യുദ്ധങ്ങളിലേക്കും നീണ്ടു.പി സി ചാക്കോ തന്‍റെ അമ്മ ഷീല ദീക്ഷിതിൻ്റെ ആരോഗ്യത്തെ കുറിച്ചും അധിക്ഷേപിച്ചു സംസാരിച്ചു എന്നാണ് മകന്‍ സന്ദീപ് ദീക്ഷിതിന്‍റെ ആരോപണം .
ഈ സംഭവങ്ങളുടെയൊക്കെ മാനസിക സമ്മർദ്ദം താങ്ങാൻ കഴിയാതെയാണ് ഷീല ദീക്ഷിതിൻ്റെ അപ്രതീക്ഷിത മരണം എന്നാണ് സന്ദീപ് ദീക്ഷിത് ആരോപിക്കുന്നത്.ഈ കാര്യങ്ങൾ ഒക്കെ ചൂണ്ടിക്കാട്ടി സന്ദീപ് ദീക്ഷിത് പി സി ചാക്കോയ്ക്ക് കത്ത് അയച്ചിരുന്നു.തന്‍റെ അമ്മയുടെ മരണത്തിന് പി സി ചാക്കോയാണ് ഉത്തരവാദിയെന്ന നിലയിലാണ് സന്ദീപ് ദീക്ഷിത് അയച്ച കത്തിൻ്റെ ഉള്ളടക്കം എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് .കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ സന്ദീപ് ദീക്ഷിത് ചാക്കോയ്ക്ക് അയച്ച കത്താണ് വിവാദമായിട്ടുളളത്.

സന്ദീപ് ദീക്ഷിതിന്‍റെ കത്ത് ലഭിച്ച കാര്യം പി സി ചാക്കോ സ്ഥിരീകരിച്ചു. പക്ഷെ കത്തിലെ ആരോപണങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല. സന്ദീപ് ദീക്ഷിത് തനിക്കയച്ച കത്ത് സോണിയ ഗാന്ധിക്ക് അയച്ചുകൊടുത്തു എന്നാണ് പിസി ചാക്കോ പറയുന്നത്. എന്നാൽ താൻ അയച്ചത് വക്കീൽ നോട്ടീസ് അല്ല എന്നും പിസി ചാക്കോയ്ക്ക് അയച്ച വ്യക്തിപരമായ കത്താണെന്നുമാണ് സന്ദീപ് ദീക്ഷത് പറയുന്നത്. ഡൽഹിയിലെ പ്രമുഖ കോൺഗ്രസ് നേതാവ് കൂടിയാണ് ഷീല ദീക്ഷിതിന്‍റെ മകന്‍ സന്ദീപ് ദീക്ഷിത്.

അധികാരം നഷ്ടപ്പെട്ട കോൺഗ്രസിനുള്ളിൽ ആഭ്യന്തര കലാപം മൂർച്ഛിക്കുന്നത് പാർട്ടി സംവിധാനങ്ങളിൽ പ്രസിഡന്‍റായ സോണിയ ഗാന്ധിക്കുള്ള പിടി അയയുന്നത് കൊണ്ടാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.വിഷയം പാര്‍ട്ടി അച്ചടക്ക സമിതി പരിശോധിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണിത്. കത്ത് ചോര്‍ത്തിയതിന് പിന്നില്‍ ചാക്കോയാണെന്ന് ഒരു വിഭാഗം നേതാക്കള്‍ ആരോപിച്ചു. താന്‍ വ്യക്തിപരമായി ചാക്കോയ്ക്ക് അയച്ച കത്താണ് ചോര്‍ന്നതെന്ന് സന്ദീപ് പറയുന്നു.

അതിനിടെ ചാക്കോയെ ഡല്‍ഹിയുടെ ചുമതലയില്‍ നിന്ന് മാറ്റണമെന്ന ആവശ്യവും ഉയര്‍ന്നു. എന്നാല്‍ കത്ത് പാര്‍ട്ടി അധ്യക്ഷയ്ക്ക് കൈമാറുക മാത്രമാണ് ചെയ്തതെന്ന് ചാക്കോ വ്യക്തമാക്കി.രാഹുൽ ഗാന്ധിക്കെതിരെ മുതിർന്ന കോൺഗ്രസ്സ് നേതാവ് സൽമാൻ ഖുർഷിദ് രംഗത്ത് വന്നത് കഴിഞ്ഞ ദിവസമായിരുന്നു. യുവ നേതാവ് ജ്യോതിരാജിത്യ സിന്ധ്യ ഉൾപ്പടെ പല നേതാക്കളും പാർട്ടി നേതൃത്വത്തോട് കടുത്ത അമര്‍ഷത്തിലാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here