Friday, April 26, 2024
spot_img

ദൈവത്തെയും വില്‍പനചരക്കാക്കി? ശ്രീകൃഷ്ണന്‍ എടുത്തുയര്‍ത്തിയ ഗോവര്‍ദ്ധന പര്‍വതത്തിലെ പാറകള്‍ ഓണ്‍ലൈനിലൂടെ വിറ്റു; കമ്പനി സിഇഒ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസെടുത്ത് ഉത്തര്‍പ്രദേശ് പൊലീസ്

മഥുര : ശ്രീകൃഷ്ണന്‍ എടുത്തുയര്‍ത്തിയതെന്ന് വിശ്വസിക്കുന്ന ഗോവര്‍ദ്ധന പര്‍വ്വതത്തിലെ പാറകള്‍ ഓണ്‍ലൈനില്‍ വില്‍പ്പന നടത്തിയെന്ന പരാതിയില്‍ പ്രമുഖ ഇ-കൊമേഴ്‌സ് സൈറ്റിന്‍റെ സിഇഒ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ ഉത്തര്‍പ്രദേശ് പൊലീസ് ഞായറാഴ്ച കേസെടുത്തു. വിവരസാങ്കേതിക വിദ്യയുടെ സൗകര്യം ദുരുപയോഗം ചെയ്ത് മതവികാരം ഉളവാക്കിയെന്ന പരാതിയിലാണ് കമ്പനി, സിഇഒ, വിതരണക്കാരന്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തതെന്ന് എസ്പി (റൂറല്‍) ശിരീഷ് ചന്ദ്ര പറഞ്ഞു. ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 265, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിലെ സെക്ഷന്‍ 66 എന്നിവ പ്രകാരം എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഗോവര്‍ദ്ധന പര്‍വ്വതത്തെ ഹിന്ദുക്കളുടെ പുണ്യസ്ഥലമായാണ് കണക്കാക്കുന്നത്. ശ്രീകൃഷ്ണന്റെ ജീവിതവുമായി ബന്ധപ്പെട്ട നിരവധി ഐതിഹ്യങ്ങളുടെ പശ്ചാത്തലമുള്ള സ്ഥലം കൂടിയാണ് ഗോവര്‍ദ്ധന പര്‍വ്വതം. അതേസമയം മഥുര ആസ്ഥാനമായുള്ള സാമൂഹിക പ്രവര്‍ത്തക കേശവ് മുഖിയ ഗോവര്‍ദ്ധന്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഒരേ സ്റ്റേഷനില്‍ സമര്‍പ്പിച്ച വിഷയത്തില്‍ പത്ത് പരാതികള്‍ കൂടി ഒരൊറ്റ അന്വേഷണത്തിനായി സമര്‍പ്പിച്ചതായി അധികൃതര്‍ അറിയിച്ചു.

പാറകള്‍ പ്രകൃതിദത്തമാണെന്ന് വെബ്‌സൈറ്റ് അവകാശപ്പെട്ടതായും അതിന്റെ വില ഓരോ കഷണത്തിനും 5,175 രൂപയാണെന്ന് വെബ്സൈറ്റില്‍ രേഖപ്പെടുത്തിയിരുന്നതായും പൊലീസ് പറഞ്ഞു. “ദൈവത്തെ കച്ചവടം” ചെയ്യാനുള്ള കമ്പനിയുടെ ശ്രമത്തിനെതിരെ നൂറുകണക്കിന് ആളുകള്‍ ഗോവര്‍ദ്ധന്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രകടനങ്ങളും നടത്തി. അതേസമയം കമ്പനിക്കും വിതരണക്കാരനും എതിരെ കര്‍ശന നടപടിയെടുക്കാന്‍ ഉത്തര്‍പ്രദേശ് ബ്രാഹ്മണ മഹാസഭ ഇന്ന് മഥുര ജില്ലാ മജിസ്ട്രേറ്റുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.

Related Articles

Latest Articles