തിരുവനന്തപുരം: വിമാനയാത്രാക്കൂലി 500 ശതമാനത്തോളം വര്‍ദ്ധിപ്പിച്ച് പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടിയില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കേരള പ്രവാസി ഫെഡറേഷന്‍ പ്രക്ഷോഭത്തിലേക്ക്. സംസ്ഥാനത്തെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കും കേരളാ പ്രവാസി ഫെഡറേഷന്‍റെ നേതൃത്വത്തില്‍ ഓഗസ്റ്റ് 26ന് മാര്‍ച്ച് നടത്തുമെന്ന് സംസ്ഥാന പ്രസിഡന്‍റ് ബിനോയ് വിശ്വം എം.പിയും ജനറല്‍ സെക്രട്ടറി പി.പി സുനീറും അറിയിച്ചു.

അവധിക്കാലത്തെ കൊള്ളയടിയുടെ ഉത്സവമായാണ് വിമാനക്കമ്പനികള്‍ ഉപയോഗിക്കുന്നത്. കേരളത്തിലെ ജനങ്ങളാണ് ഇതിന്‍റെ ഏറ്റവും വലിയ ഇരകളാകുന്നത്. നീതികരിക്കാനാവാത്ത തരത്തിലുള്ള വര്‍ദ്ധനവ് തുടര്‍ച്ചയായി നടത്തി പ്രവാസി സമൂഹത്തെ വിമാനക്കമ്പനികള്‍ കൊള്ളയടിക്കുകയാണ്. കേരളത്തിന്‍റെ സമ്പദ്ഘടനയുടെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്ന പ്രവാസി സമൂഹത്തെ അപമാനിക്കുകയും ചെയ്യുന്നു.വിമാന കമ്പനികളുടെ നടപടിയെ കണ്ടില്ലെന്ന് നടിക്കുന്ന കേന്ദ്ര സര്‍ക്കാറിന്‍റെ മൗനം ആക്ഷേപാര്‍ഹമാണ്.


പ്രവാസികള്‍ക്ക് താങ്ങാനാകാത്ത വിമാനയാത്രാക്കൂലി നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് താനടക്കമുള്ള അംഗങ്ങള്‍ പാര്‍ലമെന്‍റില്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് ആഗസ്റ്റ് ആദ്യവാരം ചേര്‍ന്ന യോഗത്തില്‍ രണ്ട് കേന്ദ്ര മന്ത്രിമാര്‍ പങ്കെടുത്തിരുന്നു. അവിടെയും വിപണി സിദ്ധാന്തങ്ങളെ മഹത്വവല്‍ക്കരിച്ചുകൊണ്ട് വിമാനക്കമ്പനികള്‍ക്കുവേണ്ടിയാണ് വ്യോമയാന വകുപ്പ് മന്ത്രി സംസാരിച്ചത്. സര്‍ക്കാരിന്‍റെ ഈ സമീപനമാണ് യാത്രക്കാരെ കൊള്ളയടിക്കുന്നതിന് കമ്പനികള്‍ക്ക് ധൈര്യം പകരുന്നത്. പരസ്പരം പിന്തുണയ്ക്കുന്ന ബന്ധമാണ് ഇരുകൂട്ടര്‍ക്കുമുള്ളതെന്നും ഒരിക്കലും നീതീകരിക്കാനാവാത്ത തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലേക്കും മാര്‍ച്ച് നടത്താന്‍ നിര്‍ബന്ധിതരായതെന്നും ബിനോയ് വിശ്വവും പി പി സുനീറും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here