ദില്ലി: പൊതുമേഖലയിലെ ഏക വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ പുതിയ നിയമനങ്ങളും ജീവനക്കാരുടെ പ്രമോഷനും നിറുത്തലാക്കുന്നു. എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും കേന്ദ്രസര്‍ക്കാരിന്റെ സ്വന്തമാണ്. നിലവില്‍ 50,000 കോടി രൂപയോളം കടബാദ്ധ്യതയുള്ള എയര്‍ ഇന്ത്യയെ വിറ്റൊഴിയാന്‍ കേന്ദ്രം നടത്തുന്ന നീക്കത്തിന്റെ മുന്നോടിയായാണ് നിയമനങ്ങളും പ്രമോഷനുകളും ഒഴിവാക്കുന്നത്.

ഓഹരി വിറ്റൊഴിയല്‍ നടപടികള്‍ ഉടന്‍ തുടങ്ങാനാണ് സര്‍ക്കാരിന്റെ നീക്കം. ഇതിന്റെ ഭാഗമായി, ജൂലായ് 15 വരെയുള്ള അക്കൗണ്ട് ബുക്ക് ക്ളോസ് ചെയ്യാന്‍ കമ്ബനിയോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഈ അക്കൗണ്ട് ബുക്ക് വിലയിരുത്തിയാകും ഓഹരി വില്‌പനയ്ക്കായുള്ള താത്പര്യപത്രങ്ങള്‍ ക്ഷണിക്കുക. എയര്‍ ഇന്ത്യയില്‍ ഏകദേശം 10,000 സ്ഥിരം ജീവനക്കാരുണ്ട്. അതേസമയം, നിയമനങ്ങളും പ്രമോഷനുകളും ഒഴിവാക്കുന്നത് സംബന്ധിച്ച്‌ എയര്‍ ഇന്ത്യ സ്ഥിരീകരിച്ചിട്ടില്ല.

അടുത്ത നാല് മുതല്‍ അഞ്ചുമാസത്തിനകം എയര്‍ ഇന്ത്യയെ വിറ്റൊഴിയാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2018ല്‍ എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികള്‍ വിറ്രഴിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും ഏറ്റെടുക്കാന്‍ ആരും വന്നിരുന്നില്ല. 24 ശതമാനം ഓഹരികള്‍ സര്‍ക്കാരിന്റെ കൈവശം തുടരുമെന്നതും കമ്പനിയുടെ വന്‍ കടബാദ്ധ്യതയുമാണ് വില്‌പന പാളാന്‍ കാരണമായത്. സര്‍ക്കാരുമായി ചേര്‍ന്ന് കമ്പനിയെ നിയന്ത്രിക്കാന്‍ നിക്ഷേപകര്‍ താത്പര്യപ്പെടുന്നില്ലെന്ന് ഇടപാട് ഉപദേശകരായ ഏണ്‍സ്‌റ്ര് ആന്‍ഡ് യംഗ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് 100 ശതമാനം ഓഹരികളും വിറ്റഴിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here