Friday, April 19, 2024
spot_img

തൃണമൂല്‍ കോൺഗ്രസിന് കനത്ത തിരിച്ചടി; ഒന്നിന് പുറകെ ഒന്നായി രാജിയോട് രാജി; മന്ത്രി ശുഭേന്ദു അധികാരി ഹൂഗ്ലി റിവര്‍ ബ്രിഡ്ജ് കമ്മീഷണേര്‍സ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു, ബിജെപിയിലേക്കെന്ന് സൂചന

കൊല്‍ക്കത്ത: പശ്ചിമ ബം​ഗാളിൽ തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വവുമായി തെറ്റി പശ്ചിമ ബംഗാളിലെ മന്ത്രി ശുഭേന്ദു അധികാരി ഹൂഗ്ലി റിവര്‍ ബ്രിഡ്ജ് കമ്മീഷണേര്‍സ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവച്ചു. ഇതോടെ ശുഭേന്ദു അധികാരിയെ പാര്‍ട്ടിയുമായി അടിപ്പിക്കുന്നതിനുള്ള തൃണമൂല്‍ ശ്രമങ്ങള്‍ക്ക് രാജി തിരിച്ചടിയായിരിക്കുകയാണ്.

അതേസമയം എച്ച്ആര്‍ബിസി ചെയര്‍മാന്‍ സ്ഥാനത്തേക്ക് തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജിയെ പുതുതായി നിയമിച്ചു. സംസ്ഥാന ഗതാഗത-ജലവിഭവ വകുപ്പ് മന്ത്രിയായ ശുഭേന്ദു അധികാരി മാസങ്ങളായി തൃണമൂല്‍ നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുകയാണ്‌. ഇതിനിടെ ശുഭേന്ദു സ്വന്തം നിലക്ക് റാലികള്‍ നടത്തുകയും അനുയായികളെ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. തൃണമൂലിന്റെ കൊടിയോ ബാനറുകളോ റാലികളില്‍ ഉപയോഗിച്ചിരുന്നില്ല.

എന്നാൽ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അധികാരി ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന. ശുവേന്ദു അധികാരിയുടെ പിതാവ് ശിശിര്‍ അധികാരി തൃണമൂല്‍ കോണ്‍ഗ്രസ് എംപിയാണ്. മകന്റെ രാജി സംബന്ധിച്ച് പ്രതികരിക്കാന്‍ അദ്ദേഹം ഇതുവരെയും തയ്യാറായിട്ടില്ല. ശുഭേന്ദു അധികാരി പാര്‍ട്ടി വിടുകയാണെങ്കില്‍ പിതാവും സഹോദരങ്ങളടക്കമുള്ളവരും ഒപ്പമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിനിടെ കുച് ബിഹാറില്‍ നിന്നുള്ള എംഎല്‍എ മിഹിര്‍ ഗോസ്വാമി തൃണമൂലില്‍ നിന്ന് രാജിവച്ചു. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ പാര്‍ട്ടിയിലെ ഇടപെടല്‍ ആരോപിച്ചാണ് മിഹിര്‍ ഗോസ്വാമി രാജിവച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായ കുച് ബിഹാറില്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വ്യക്തമായ മുന്നേറ്റം നടത്തിയിരുന്നു.

Related Articles

Latest Articles