Friday, April 19, 2024
spot_img

ഹിന്ദു ദൈവങ്ങളെ അപമാനിച്ച കേസ്; കൊമേഡിയൻ മുനവർ ഫാറൂഖി അകത്തു തന്നെ

ഭോപ്പാല്‍: ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന പേരിൽ​ മധ്യപ്രദേശിൽ അറസ്റ്റ്​ ചെയ്യപ്പെട്ട പ്രമുഖ കൊമേഡിയൻ മുനവർ ഫാറൂഖിയുടെ ജാമ്യം വീണ്ടും നിഷേധിച്ച് മധ്യപ്രദേശ് ഹൈക്കോടതി. മുനവർ ഫാറൂഖിയുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ചിൽ നടന്ന വിസ്താരത്തില്‍ ജസ്റ്റിസ് രോഹിത് ആര്യ നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചു. മറ്റുള്ളവരുടെ മതവികാരങ്ങളും വിശ്വാസങ്ങളും നിങ്ങൾ അനാവശ്യമായി ദുരുപയോഗം ചെയ്തത് എന്തിനാണെന്ന് ചോദിച്ച കോടതി, നിങ്ങളുടെ മാനസികാവസ്ഥയിൽ എന്തെങ്കിലും കുഴപ്പമുണ്ടോ എന്നും ചോദിച്ചു. ബിസിനസ്സിന്റെ പേര് പറഞ്ഞു ഇങ്ങനെ ചെയ്യാമോ എന്നും കോടതി ഉന്നയിച്ചു. ഹിയറിംഗ് പതിനഞ്ച് മിനിറ്റ് നീണ്ടു നിന്നതായി ലൈവ്‌ലോ റിപ്പോർട്ട് ചെയ്തു. അതേസമയം ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും കോടതി മാറ്റി വച്ചു.

ജനുവരി ഒന്നിന്​ നടന്ന പരിപാടിക്കിടെയാണ്​ ഫാറൂഖിയെയും നളിൻ യാദവ്​, പ്രഖർ വ്യാസ്​, പ്രിയം വ്യാസ്​, എഡ്വിൻ ആന്‍റണി തുടങ്ങിയവരെ പൊലീസ് അറസ്റ്റ്​ ചെയ്​തത്​. ഇന്‍ഡോറിലായിരുന്നു പരിപാടി. ബി.ജെ.പി എം.എൽ.എ മാലിനി ഗൗഡിന്‍റെ മകൻ എകലവ്യ ഗൗഡ്​ നൽകിയ പരാതിയിലായിരുന്നു നടപടി. മതവികാരം ഇളക്കിവിടുന്നതിനെതിരായ 295എ വകുപ്പ്​ പ്രകാരമായിരുന്നു കേസ്​. ഇവരുടെ ജുഡീഷ്യൽ കസ്റ്റഡി ജനുവരി 13ന്​ ഫസ്​റ്റ്​ ക്ലാസ്​ ജുഡീഷ്യൽ മജിസ്​ട്രേറ്റ്​ രണ്ടാഴ്ച കൂടി നീട്ടിയിരുന്നു. ഇന്‍ഡോര്‍ ആസ്ഥാനമായുള്ള പ്രമുഖർ ആയിരുന്നു സംഘാടകൻ. ഫാറൂഖിയെ ആണ്​ മുഖ്യാതിഥിയായി നിശ്​ചയിച്ചിരുന്നത്​. മുംബൈയിൽ നിന്നെത്തിയ ഫാറൂഖിക്കും മറ്റുള്ളവർക്കുമെതിരെ തുക്കോഗഞ്ച്​ പൊലീസാണ്​ കേസ്​ എടുത്തത്​.

Related Articles

Latest Articles