Saturday, April 20, 2024
spot_img

കെ.കെ രാഗേഷും, എളമരം കരീമും ഉള്‍പ്പടെ എട്ട് എംപിമാര്‍ക്ക് സസ്പെന്‍ഷന്‍

ദില്ലി: കേരള എംപിമാരായ കെ.കെ രാഗേഷും എളമരം കരീമും ഉള്‍പ്പടെ കഴിഞ്ഞ ദിവസം കാര്‍ഷിക ബില്ല് ചര്‍ച്ചയ്ക്കിടെ രാജ്യസഭയില്‍ പ്രതിഷേധിച്ച എട്ട് എംപിമാരെ സസ്‌പെന്‍ഡ് ചെയ്തു. ബിജെപി എംപിമാര്‍ നല്‍കിയ പരാതിയില്‍ രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്‍റേതാണ് നടപടി. അധ്യക്ഷവേദിയിലെ മൈക്ക് പിടിച്ചുവലിക്കുകയും സഭയുടെ റൂള്‍ബുക്ക് കീറിയെറിയുകയും ചെയ്ത തൃണമൂല്‍ കോണ്‍ഗ്രസ് അംഗം ഡെറിക് ഒബ്രിയാനേയും ഇതോടൊപ്പം സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

ഒരാഴ്ചത്തേക്കാണ് കെ.കെ.രാഗേഷ്, സഞ്ജയ് സിങ്, രാജു സതാവ്, ഡെറിക് ഒബ്രിയാന്‍, റിപ്പുന്‍ ബോര, ദോള സെന്‍, സെയ്ദ് നാസര്‍ ഹുസ്സൈന്‍, എളമരം കരീം എന്നീ എട്ട് എംപിമാരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. അതേസമയം സഭയില്‍ ഇന്നലെ നടന്ന കാര്യങ്ങള്‍ നിര്‍ഭാഗ്യകരമാണെന്ന് വെങ്കയ്യ നായിഡു പറഞ്ഞു.
അംഗങ്ങളുടെ സമ്മതമില്ലാതെ സഭ നീട്ടിക്കൊണ്ടുപോയതിലും നിരാകരണ പ്രമേയങ്ങളും ബില്ലുകളും വോട്ടിനിടണമെന്ന ആവശ്യം തള്ളി പാസാക്കാനും ശ്രമിച്ചതില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശിനെതിരെ പ്രതിപക്ഷം കൊണ്ടു വന്ന അവിശ്വാസ പ്രമേയം ചട്ടപ്രകാരം അംഗീകരിക്കാനാവില്ലെന്നും വെങ്കയ്യ നായിഡു വ്യക്തമാക്കി. സസ്‌പെന്‍ഡ് ചെയ്ത എംപിമാര്‍ സഭയില്‍ നിന്ന് പുറത്തുപോകാന്‍ വിസമ്മതിച്ച് പ്രതിഷേധിച്ചതോടെ സഭ പത്തു മണി വരെ നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു.

Related Articles

Latest Articles