‘ഞാൻ മരിക്കാൻ പോകുന്നു’ അതാണ് അവസാന ദിവസത്തെ ഇര്‍ഫാന്റെ വാക്കുകള്‍; ഇര്‍ഫാന്‍ ഖാനെ അനുസ്മരിച്ച് മകന്‍ ബാബിൽ ഖാന്‍

Irrfan Khans 1st Death Anniversary

0
Irrfan Khan 1st Death Anniversary
Irrfan Khan 1st Death Anniversary

മുംബൈ: ഏപ്രിൽ 29 എന്ന ഈ ദിവസം സിനിമയെ സ്നേഹിക്കുന്ന ഏതൊരു വ്യക്തിയുടെയും ഹൃദയത്തെ വേദനിപ്പിക്കുന്ന ഒരു ദിനമാണ്. അവഗണനകളില്‍ നിന്നും അംഗീകാരങ്ങളിലേക്ക് എത്തിയ അതുല്യ നടന്‍ ഇര്‍ഫാന്‍ ഖാന്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷം തികയുകയാണ്. അന്താരാഷ്ട്ര സിനിമാ പ്രേമികൾക്ക് പരിചിതനായ ഇർഫാൻ ഖാൻ കഴിഞ്ഞ വർഷം ഏപ്രിൽ 29-ന് മുംബൈയിൽ വച്ചാണ് ഈ ലോകത്തോട് വിടപറഞ്ഞത്. രണ്ട് വർഷക്കാലം ന്യൂറോ എൻഡ്രോക്രൈൻ ട്യുമറിനോട് പട പൊരുതി ഒടുവിൽ 53 വയസുകാരനായ ഇർഫാൻ മരണത്തിന് കീഴടങ്ങുകയായിരുന്നു.

അദ്ദേഹത്തിന്റെ ഒന്നാം വാര്‍ഷിക ദിവസത്തോട് അനുബന്ധിച്ച് ഇര്‍ഫാന്റെ മകൾ ബാബിൽ ഖാൻ ആശുപത്രിയിലെ തന്റെ പിതാവിന്റെ അവസാന ദിവസങ്ങളെക്കുറിച്ച് ഒരുഅഭിമുഖത്തില്‍ തുറന്നുപറഞ്ഞിരിക്കുകയാണ്.

താൻ മരിക്കുമെന്ന് ഇർഫാൻ ഖാൻ നേരത്തെ തന്നെ തുറന്നുപറഞ്ഞിരുന്നു. മരിക്കുന്നതിന് രണ്ട്-മൂന്ന് ദിവസം മുമ്പ് ഞാനും ആശുപത്രിയിൽ ഉണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് ഓരോ ദിവസം കഴിയുന്തോറും ബോധം പൂര്‍ണ്ണമായും നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു, അവസാനമായി അദ്ദേഹം എന്നെ നോക്കി പുഞ്ചിരിച്ചു, ‘ഞാൻ ഞാൻ മരിക്കും, ‘ഞാൻ അദ്ദേഹത്തോട്’ ഇല്ല മരിക്കില്ല’ എന്നു പറഞ്ഞു. അതുകേട്ട് അദ്ദേഹം വീണ്ടും പുഞ്ചിരിച്ചു കൊണ്ട് ഉറങ്ങാൻ പോയി. അതോടൊപ്പം ഇര്‍ഫാന്റെ ഭാര്യ സിക്ത സിക്ദറും അദ്ദേഹത്തെക്കുറിച്ച് അഭിമുഖത്തില്‍ സംസാരിച്ചിരുന്നു. അദ്ദേഹം ഒന്നിനുവേണ്ടിയും നിര്‍ബന്ധസ്വാഭാവം കാണിക്കുന്ന ഒരു വ്യക്തിയല്ലായിരുന്നുവെന്നും അതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഗുണമെന്നും, അഭിനയിക്കാനുളള അദ്ദേഹത്തിന്റെ കഴിവ് പലപ്പോഴും പല സിനിമകളിലും തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും സിക്ത പറഞ്ഞു.

എന്നാല്‍ ‘ഇന്‍ മെമ്മോറിയം’ എന്ന പ്രത്യേക സെഗ്മന്റിലൂടെ 93-ാമത് ഓസ്കാര്‍ അവാർഡ് ദാന ചടങ്ങിൽ അതുല്യനായ ഹിന്ദി ചലച്ചിത്ര നടൻ ഇർഫാൻ ഖാനെ അനുസ്മരിച്ചിരുന്നു. ലോകസിനിമയ്ക്ക് മഹത്തായ സംഭാവനകൾ നൽകിയ, നമ്മെ വിട്ടു പിരിഞ്ഞ ചാഡ്‌വിക്ക് ബോസ്‌മാൻ, ഇയാൻ ഹോൾ, സീൻ കോണറി, മാക്സ് വോൻ സൈഡോ തുടങ്ങിയ പ്രമുഖ ചലച്ചിത്ര പ്രവർത്തകരെ അനുസ്മരിക്കുന്ന കൂട്ടത്തിലാണ് ഇർഫാൻ ഖാനും ആദരവ് പിടിച്ചു പറ്റിയത്.

ഹിന്ദി സിനിമയില്‍ തുടങ്ങി തന്റെ സാന്നിധ്യം ബ്രിട്ടീഷ് സിനിമകളിലും ഹോളിവുഡിലും വരെ എത്തിക്കാന്‍ സാഹബ്‌സാദെ ഇര്‍ഫാന്‍ അലി ഖാന്‍ എന്ന ഇര്‍ഫാന്‍ ഖാന് കഴിഞ്ഞു. പിന്നീട് ചെയ്ത സിനിമകള്‍ തന്റെ സിനിമാ ജീവിതത്തില്‍ വലിയ തിളക്കങ്ങളൊന്നും ഇര്‍ഫാന് സമ്മാനിച്ചില്ല. എന്നാല്‍ തളരാന്‍ തയ്യാറല്ലാത്ത പോരാളിയായിരുന്നു അന്നും ഇന്നും ഇര്‍ഫാന്‍. 2003, 2004 വര്‍ഷങ്ങളിലായി ഇറങ്ങിയ ഹാസില്‍, മക്ക്ബൂല്‍ എന്നീ സിനിമകളിലെ വില്ലന്‍ വേഷങ്ങള്‍ പ്രേക്ഷകരുടെയും നിരൂപകരുടെയും കയ്യടി നേടി. ഇതുകൂടാതെ ഹാസിലിലെ വേഷത്തിന് മികച്ച വില്ലന്‍ വേഷത്തിനുള്ള ഫിലിം ഫെയറിന്റെ പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കി. അതോടെ ഇർഫാൻ എന്ന നടൻ ബോളിവുഡിലെ മികച്ച അഭിനേതാക്കളുടെ ഇടയിലേക്ക് നിശബ്ദനായി നടന്നു നീങ്ങി.

ഇര്‍ഫാന്റെ സിനിമാജീവിതത്തില്‍ വഴിത്തിരിവായത് ലൈഫ് ഇന്‍ എ മെട്രൊയിലെ മോണ്‍ടി എന്ന കഥാപാത്രമാണ്. 2007-ല്‍ ഇറങ്ങിയ സിനിമയിലെ അഭിനയത്തിന് സഹനടനുള്ള ഫിലിം ഫെയറിന്റെ അവാര്‍ഡുള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. 2011-ല്‍ ഇറങ്ങിയ പാന്‍ സിങ് തോമറിന്റെ ജീവിതകഥയെ ആസ്പദമാക്കിയുള്ള സിനിമയിലെ കഥാപാത്രം അദ്ദേഹത്തിനെ മികച്ച അഭിനേതാവിനുള്ള ദേശീയ പുരസ്‌കാരം, ഫിലിം ഫെയറിന്റെ നിരൂപക പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങള്‍ക്കും അര്‍ഹനാക്കി. ബാഫ്ത അവാര്‍ഡില്‍ തിരഞ്ഞെടുത്ത 2013-ല്‍ ഇറങ്ങിയ ലഞ്ച് ബോക്‌സും ഇര്‍ഫാന്റെ ജീവിതത്തിലുണ്ടാക്കിയ ഓളം ചെറുതല്ല.

പിന്നീട് ഒരു തിരിഞ്ഞുനോട്ടത്തിന്റെ ആവശ്യം ഇര്‍ഫാന് ഉണ്ടായില്ല. വാണിജ്യപരമായും പ്രേക്ഷകപ്രശംസയായും ഹിറ്റായ ഹൈദര്‍(2014), ഗുണ്ടെ(2014), പികു(2015), തല്‍വാര്‍(2015) എന്നീ സിനിമകളില്‍ എല്ലാം ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളില്‍ അദ്ദേഹം തിളങ്ങി. ഫിലിം ഫെയറിന്റെ മികച്ച നടനുള്ള അവാര്‍ഡ് ഇര്‍ഫാന് നേടിക്കൊടുത്ത സിനിമയാണ് 2017-ല്‍ ഇറങ്ങിയ ഹിന്ദി മീഡിയം. ഇന്ത്യയിലും ചൈനയിലുമുള്‍പ്പെടെ ലോകത്ത് പലയിടത്തും വലിയ സ്വീകാര്യത നേടിയ സിനിമ കൂടിയാണ് ഹിന്ദി മീഡിയം.

ഇന്ത്യയ്ക്ക് പുറമേ ഹോളിവുഡിലും തന്റേതായ സ്ഥാനമുണ്ടാക്കിയ നടനാണ് ഇര്‍ഫാന്‍. ദ് വാരിയര്‍, ദ് നേയിംസേയ്ക്ക്, ദ് ഡാര്‍ജിലിങ് ലിമിറ്റഡ്, അക്കാദമി അവാര്‍ഡിനര്‍ഹമായ സ്ലംഡോഗ് മില്ല്യണയര്‍, ന്യൂയോര്‍ക്ക്, ഐ ലവ് യൂ, ദ് അമേസിങ് സ്‌പൈഡര്‍മാന്‍, ലൈഫ് ഓഫ് പൈ, ജുറാസിക്ക് വേള്‍ഡ്, ഇന്‍ഫെര്‍ണോ എന്നിവയാണ് അദ്ദേഹത്തിന്റെ ആഗോളത്തലത്തില്‍ ചെയ്ത സിനിമകള്‍. അതിൽ സ്ലം ഡോ​ഗ് മില്യണയറും ലെെഫ് ഓഫ് പെെയും ഓസ്കാർ പുരസ്കാര വേദിയിൽ തിളങ്ങി. 2020 ആദ്യം ഇറങ്ങിയ അംഗ്രേസി മീഡിയമാണ് അദ്ദേഹത്തിന്റെ അവസാനം ഇറങ്ങിയ സിനിമ. സിനിമകളെ കൂടാതെ നിരവധി ടി.വി. ഷോകളുടെയും ഭാഗമാകാന്‍ ഇര്‍ഫാന് കഴിഞ്ഞിട്ടുണ്ട്. ചാണക്യ, ചന്ദ്രകാന്ത, ദ് ഗ്രേറ്റ് മറാത്ത, എം. ടി.വി. റോഡീസ് തുടങ്ങി പത്തിലധികം ഷോകള്‍ അദ്ദേഹം ചെയ്തു.