ഐഎന്‍എസ് വിക്രാന്തിലെ മോഷണം; വിദേശ ബന്ധം എന്‍ഐഎ അന്വേഷിക്കും

0

കൊച്ചി:കൊച്ചിയില്‍ ഇന്ത്യന്‍ വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്തിലെ മോഷണത്തില്‍ വിദേശ ബന്ധം അന്വേഷിക്കാന്‍ എന്‍ഐഎ. സംഭവത്തില്‍ അട്ടിമറി ശ്രമം നടന്നതായി സംശയമുയര്‍ന്ന സാഹചര്യത്തിലാണ് വിദേശ ബന്ധം അന്വേഷിക്കാനുള്ള എന്‍ഐഎയുടെ നടപടി. വിക്രാന്തില്‍ പണിയെടുത്തിരുന്നവരുമായി രാജ്യത്തിന് പുറത്തുള്ളവര്‍ ബന്ധപ്പെട്ടിരുന്നോ എന്നാണ് എന്‍ഐഎ പരിശോധിക്കുന്നത്. സംഭവത്തില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കല്‍ വൈകുമെന്നാണ് സൂചന.

വിക്രാന്തില്‍ പണിയെടുത്തിരുന്ന ഭൂരിഭാഗം ജീവനക്കാരെയും ചോദ്യം ചെയ്യുകയും വിരലടയാളം പരിശോധിക്കുകയും ചെയ്തെങ്കിലും കാര്യമായ തുമ്പൊന്നും ഇനിയും ലഭിച്ചിട്ടില്ല. ഏകദേശം 13000 ജീവനക്കാരില്‍ വിദേശത്തുള്ള ഏതാനും പേരൊഴികെ മിക്കവരുടെയും വിരലടയാളം പരിശോധിച്ചിരുന്നു. മോഷണം നടന്ന ഭാഗത്ത് ഉണ്ടായിരുന്ന 12 പേരെ പ്രത്യേകം ചോദ്യം ചെയ്യുകയും ചെയ്തു.

അന്വേഷണത്തെ സഹായിക്കും വിധം കാര്യമായൊന്നും ലഭിക്കാതിരുന്നതോടെ സംഭവത്തില്‍ അട്ടിമറി സാധ്യതയുണ്ടെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് മോഷണത്തിലെ വിദേശബന്ധമടക്കം വിശദമായി അന്വേഷിക്കാന്‍ എന്‍ഐഎ തീരുമാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here