ഇന്ത്യയില്‍ മൂന്നാം കൊവിഡ് തരംഗം വരാതിരിക്കാന്‍ മുന്നിലുള്ളത് മൂന്ന് വഴികള്‍ മാത്രം; വെളിപ്പെടുത്തലുമായി എയിംസ് മേധാവി

Covid India

0
Covid Second Wave
covid 19

ദില്ലി: രാജ്യത്ത് ഇനിയുമൊരു കൊവിഡ് തരംഗം കൂടി ഉണ്ടായേക്കാമെന്ന മുന്നറിയിപ്പുമായി എയിംസ് മേധാവി രൺദീപ് ഗുലേറിയ.ഇപ്പോൾ കൊവിഡ് നിയന്ത്രണത്തിനായി വിവിധ സംസ്ഥാനങ്ങൾ പരീക്ഷിക്കുന്ന വാരാന്ത്യ ലോക്ക്ഡൗണ്ട്, രാത്രികാല കർഫ്യൂ എന്നിവ കൊണ്ട് വലിയ ഫലം ചെയ്യില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

രാജ്യവ്യാപകമായി അടച്ചുപൂട്ടല്‍ കൊണ്ട് കൊവിഡ് നിയന്ത്രിക്കാനാവുമോ എന്ന ചോദ്യത്തിന് ഇപ്പോഴുള്ള ഗുരുതരമായ സാഹചര്യം കുറച്ച്‌ നാളത്തേയ്ക്ക് പരിഹരിക്കുന്നതിന് അത് സഹായകരമായിരിക്കും എന്ന് അദ്ദേഹം മറുപടി നല്‍കി. രോഗവ്യാപനത്തിന്റെ തോത് കുറച്ച്‌, ഓക്സിജന്‍ പ്രതിസന്ധി അടക്കമുള്ള പ്രശ്നങ്ങളില്‍ നിന്നും പരിഹാരം കാണാന്‍ അതു സഹായിക്കും. കൂടാതെ രാജ്യത്തെ ആശുപത്രിയില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് മൂലമുള്ള ബുദ്ധിമുട്ടുകളും ഒഴിവായേക്കും. എന്നാല്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ മൂന്ന് കാര്യങ്ങളാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ആദ്യമായി ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യേണ്ടത്. രണ്ടാമതായി കൊവിഡ് വ്യാപനം തടയുന്നതിനായുള്ള മാര്‍ഗങ്ങള്‍ കൈക്കൊള്ളണം, മൂന്നാമതായി വളരെ പെട്ടെന്ന് കൂടുതലാളുകള്‍ക്ക് വാക്സിന്‍ നല്‍കണം. ഈ മാര്‍ഗങ്ങളിലൂടെ മാത്രമേ രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗത്തെ ഒഴിവാക്കാനാവു.

ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുക വഴി ബ്രിട്ടന് കൊവിഡിന്റെ രണ്ടാം വ്യാപനം എളുപ്പത്തില്‍ തടയാന്‍ കഴിഞ്ഞു. എന്നാല്‍ ഇന്ത്യയില്‍ ഇത്തരം തീരുമാനങ്ങള്‍ എടുക്കേണ്ടത് ഭരണകൂടമാണെന്നും, ജനത്തിന്റെ ഉപജീവനം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ അവര്‍ പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.