Saturday, April 27, 2024
spot_img

തീവ്രവാദത്തിനെതിരായ യുദ്ധം അവസാനിക്കുന്നില്ല – ബിപിന്‍ റാവത്ത്

ദില്ലി: തീവ്രവാദത്തിനെതിരെയുള്ള ഇന്ത്യയുടെ യുദ്ധം അവസാനിക്കാന്‍ പോകുന്നില്ലെന്ന് സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത്. ഭീകരവാദത്തിനെതിരായ പോരാട്ടം തുടര്‍ന്നുകൊണ്ടിരിക്കും. അതിന്റെ വേരുകള്‍ അറുത്തുമാറ്റുന്നതുവരെ യുദ്ധം തുടരുമെന്നും ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞു.

തീവ്രവാദ സംഘടനകള്‍ പിന്തുണ നല്‍കുന്ന പാകിസ്താനെ അന്താരാഷ്ട്രതലത്തില്‍ ഒറ്റപ്പെടുത്തണമെന്നും ജനറല്‍ റാവത്ത് ആവശ്യപ്പെട്ടു. 9/11 വേള്‍ഡ് ട്രേഡ് സന്റെര്‍ ആക്രമണത്തിന് ശേഷം തീവ്രവാദത്തിനെതിരെ അമേരിക്ക സ്വീകരിച്ച മാര്‍ഗം പിന്തുടരണം. ആഗോളതല പോരാട്ടം തീവ്രവാദത്തിന് അന്ത്യം കുറിക്കും. അതിനായി തീവ്രവാദ സംഘടനകളെയും അവര്‍ക്ക് സഹായം നല്‍കുന്നവരെയും ഒറ്റപ്പെടുത്തണമെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.

തീവ്രവാദികള്‍ക്ക് ധനസഹായവും പിന്തുണയും നല്‍കുന്ന രാജ്യങ്ങള്‍ ഉള്ളിടത്തോളം കാലം തീവ്രവാദവും ഇവിടെ നിലനില്‍ക്കും. നിഴല്‍യുദ്ധത്തിനായി അവര്‍ തീവ്രവാദികളെ ഉപയോഗിക്കും. ആയുധങ്ങള്‍ നിര്‍മിച്ചു നല്‍കുകയും ആവശ്യത്തിന് പണം നല്‍കുകയും ചെയ്യും. ഇത് തുടരുന്നതിനാലാണ് തീവ്രവാദത്തെ നിയന്ത്രിക്കാന്‍ കഴിയാത്തതെന്നും സേനാ മേധാവി പറഞ്ഞു.

തീവ്രവാദത്തെ സ്‌പോണ്‍സര്‍ ചെയ്യുന്ന രാജ്യം അതിന്റെ ഉത്തരവാദിത്വവും ഏറ്റെടുക്കണം. അത്തരം രാജ്യങ്ങളെ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്) കരിമ്പട്ടികയില്‍ പെടുത്തിയത് നല്ല നടപടിയാണെന്നും നയതന്ത്രതലത്തില്‍ അവരെ ഒറ്റപ്പെടുത്തണമെന്നും ജനറല്‍ റാവത്ത് അഭിപ്രായപ്പെട്ടു.

Related Articles

Latest Articles