Friday, March 29, 2024
spot_img

ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ച തീവ്രവാദി യാസിൻ മാലിക്കിനെ ന്യായീകരിച്ച് ഒഐസി, ഇത് രാജ്യത്തിന്റെ ആഭ്യന്തരകാര്യം എന്ന് ഇന്ത്യ

ഡല്‍ഹി: ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷന്റെ സ്വതന്ത്ര സ്ഥിരം മനുഷ്യാവകാശ കമ്മീഷനെതിരെ (ഒഐസി-ഐപിഎച്ച്‌ആര്‍സി) വിമര്‍ശനവുമായി ഇന്ത്യ. ഒഐസിയുടെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.

തീവ്രവാദ കേസില്‍ യാസിന്‍ മാലികിനെതിരായ എന്‍ഐഎ കോടതിയുടെ വിധിയെ സംഘടന വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ നിലപാട് അറിയിച്ചത്. ഭീകരതയെ ഒരു തരത്തിലും ന്യായീകരിക്കരുതെന്ന് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷനോട് (ഒഐസി) ഇന്ത്യ അഭ്യര്‍ത്ഥിച്ചു. വിഷയത്തില്‍ ഒഐസിയുടെ നിലപാട് സ്വീകരിക്കാനാകില്ല. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പരോക്ഷമായി പിന്തുണ ഒഐസി നല്‍കരുതെന്നും ഇന്ത്യ പറഞ്ഞു.

മാലിക്കിന്റെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. യാസിന്‍ മാലിക്കിനെക്കുറിച്ചുള്ള എന്‍ഐഎ കോടതിയുടെ വിധിന്യായത്തില്‍ ഒഐസി-ഐപിഎച്ച്‌ആര്‍സി നടത്തിയ അഭിപ്രായങ്ങളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി നല്‍കവേയാണ് ബാഗ്ചി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

“യാസിന്‍ മാലിക്കിന്റെ കേസിലെ വിധിയെ വിമര്‍ശിച്ചുകൊണ്ട് ഒഐസി-ഐപിഎച്ച്‌ആര്‍സി നടത്തിയ പരാമര്‍ശം അസ്വീകാര്യമാണെന്ന് ഇന്ത്യ കണ്ടെത്തി. മാലിക്കിന്റെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ പരോക്ഷമായി പിന്തുണക്കുകയാണ് ഒഐസി ചെയ്തത്. ലോകം തീവ്രവാദത്തോട് സഹിഷ്ണുത കാണിക്കുന്നില്ല, അതിനെ ഒരു തരത്തിലും ന്യായീകരിക്കരുതെന്ന് ഞങ്ങള്‍ ഒഐസിയോട് അഭ്യര്‍ത്ഥിക്കുന്നു,” എന്നായിരുന്നു ബാഗ്ചിയുടെ വാക്കുകള്‍. തീവ്രവാദ ഫണ്ടിംഗ് കേസില്‍ ജമ്മു കശ്മീരില്‍ നിന്നുള്ള ഭീകരന്‍ യാസിന്‍ മാലിക്കിന് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷയാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കോടതി ബുധനാഴ്ച വിധിച്ചത്.

ഇതിന് പുറമെ പിഴയായി പത്ത് ലക്ഷം രൂപയും മാലിക് കെട്ടിവെക്കണം. ഇയാള്‍ക്ക് വധശിക്ഷ നല്‍കണം എന്നായിരുന്നു എന്‍ഐഎ ആവശ്യപ്പെട്ടത്. എന്നാല്‍ ശിക്ഷ ജീവപര്യന്തമായി കുറക്കണമെന്ന് പ്രതി കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. തനിക്കെതിരെ ചുമത്തിയിരിക്കുന്ന ആരോപണങ്ങളെ എതിര്‍ക്കുന്നില്ലെന്ന് മാലിക് കോടതിയെ അറിയിച്ചിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം 121-ാം വകുപ്പ് (രാജ്യത്തിനെതിരായി യുദ്ധം ആസൂത്രണം ചെയ്യല്‍), യുഎപിഎ 17-ാം വകുപ്പ് (ഭീകരപ്രവര്‍ത്തനത്തിനു ഫണ്ട് സമാഹരിക്കല്‍) എന്നിവ അനുസരിച്ചാണു ജീവപര്യന്തം വിധിച്ചത്. ഐപിസി 120ബി (ക്രിമിനല്‍ ഗൂഢാലോചന), യുഎപിഎ 16 (ഭീകരപ്രവര്‍ത്തനം), യുഎപിഎ 18 (ഭീകരപ്രവര്‍ത്തനം നടത്താനുള്ള ഗൂഢാലോചന), യുഎപിഎ20 (ഭീകരസംഘടനയുടെ അംഗമായി പ്രവര്‍ത്തനം) വകുപ്പുകളും അനുസരിച്ചും തടവുശിക്ഷയും പിഴയും വി‌ധിച്ചിട്ടുണ്ട്.

Related Articles

Latest Articles