മഹമാരിക്കാലത്ത് ലോകത്തിനു കാവലാളായി ഇനി ഭാരതം…

0

ജനീവ: ലോകാരോഗ്യ സംഘടനയുടെ കാവലാളായി ഇനി ഭാരതം. ലോകാരോഗ്യ സംഘടനയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് ചെയര്‍മാനായി കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍ സ്ഥാനമേറ്റെടുത്തു.

ജപ്പാന്റെ ഡോക്ടര്‍ ഹിറോക്കി നകതാനിയാണ് മുന്‍ ചെയര്‍മാന്‍. ആരോഗ്യ രംഗത്ത് പ്രവര്‍ത്തിപരിചയമുള്ള 34 അംഗങ്ങളാണ് ബോര്‍ഡില്‍ ഉണ്ടാകുക. ലോകാരോഗ്യ സംഘടനാ എക്‌സിക്യൂട്ടീവ് ബോര്‍ഡിലെ ഈ പദവി ഇന്ത്യയുടെ കൊവിഡ് പ്രതിരോധത്തിന് കൂടുതല്‍ കരുത്ത് നല്‍കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

കൂടാതെ, കൊവിഡ് പൊട്ടിപ്പുറപ്പെട്ടതില്‍ ചൈനയുടെ പങ്കിനെക്കുറിച്ചും ലോകാരോഗ്യ സംഘടനയുടെ കൊവിഡ് പ്രതികരണത്തെക്കുറിച്ചും യൂറോപ്യന്‍ യൂണിയന്റെയും ആസ്ട്രേലിയയുടെയും നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ നിര്‍ണായ തീരുമാനങ്ങളെടുക്കാനും ഇന്ത്യയെ ഈ സ്ഥാനാരോഹണം സഹായിക്കും.

വേള്‍ഡ് ഹെല്‍ത്ത് അസംബ്ലിയുടെ തീരുമാനങ്ങളും നയങ്ങളും നടപ്പില്‍ വരുത്തുക, അസംബ്ലിയുടെ പ്രവര്‍ത്തനം സുഗമമാക്കുക എന്നിവയാണ് പ്രധാനമായും എക്‌സിക്യൂട്ടീവ് ബോര്‍ഡിന്റെ ചുമതലകള്‍.

കഴിഞ്ഞ വര്‍ഷം, ലോകാരോഗ്യ സംഘടനാ എക്‌സിക്യൂട്ടീവ് ബോര്‍ഡിലേക്ക് ഇന്ത്യന്‍ നോമിനിയെ തിരഞ്ഞെടുക്കാന്‍ സംഘടനയുടെ ദക്ഷിണേഷ്യാ വിഭാഗം തീരുമാനമെടുത്തിരുന്നു. മൂന്ന് വര്‍ഷമാണ് അനുവദിക്കുന്ന കാലയളവ്. അതേസമയവും എക്‌സിക്യൂട്ടീവ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം നല്‍കുന്നത് ഒരു വര്‍ഷത്തേക്കാണ്.

ലോകം കൊവിഡ് മൂലം പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തിലുള്ള ഹര്‍ഷ് വര്‍ദ്ധന്റെ ഈ സ്ഥാനാരോഹണം ഭാരതത്തിന് കൂടുതല്‍ കരുത്തു പകരും.

LEAVE A REPLY

Please enter your comment!
Please enter your name here