മരടിലെ ഫ്‌ളാറ്റുടമകള്‍ക്ക് 25 ലക്ഷം താല്‍ക്കാലിക നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീംകോടതി ഉത്തരവ്

0

ദില്ലി/കൊച്ചി: മരടില്‍ തീരദേശസംരക്ഷണ നിയമം ലംഘിച്ച് നിര്‍മിച്ചതായി കണ്ടെത്തിയ അഞ്ച് ഫ്‌ളാറ്റ് നിര്‍മാതാക്കളുടെ സ്വത്ത് കണ്ടുകെട്ടാന്‍ സുപ്രീംകോടതി ഉത്തരവ്. ഫ്‌ലാറ്റുടമകള്‍ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഇത് നാലാഴ്ചയ്ക്കുള്ളില്‍ കൊടുത്തു തീര്‍ക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ഒക്ടോബര്‍ 11-ന് കെട്ടിടം പൊളിക്കാനുള്ള നടപടികള്‍ തുടങ്ങുമെന്നും ഇതിനായി 100 കോടി രൂപ വരെ ചെലവ് പ്രതീക്ഷിക്കുന്നതായും ചീഫ് സെക്രട്ടറി സുപ്രീംകോടതിയെ അറിയിച്ചു. ഇത് മുഴുവന്‍ ഫ്‌ളാറ്റ് നിര്‍മാതാക്കളില്‍ നിന്ന് ഈടാക്കും.

മരട് ഫ്‌ളാറ്റ് പൊളിയ്ക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍ണായകമായ ഉത്തരവാണ് സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്. നാലാഴ്ചയ്ക്ക് അകം ഫ്‌ലാറ്റുടമകള്‍ക്ക് ഈ തുക സംസ്ഥാനസര്‍ക്കാര്‍ കൊടുത്തുതീര്‍ക്കണം. അതില്‍ പിഴവുണ്ടാകാന്‍ പാടില്ല. പിന്നീട് ഈ തുക തീരദേശ സംരക്ഷണ നിയമം കാറ്റില്‍ പറത്തി ഫ്‌ലാറ്റുകള്‍ നിര്‍മിച്ച നിര്‍മാതാക്കളില്‍ നിന്ന് ഈടാക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി.

ഇപ്പോള്‍ നല്‍കുന്ന 25 ലക്ഷം രൂപ എന്നത് താല്‍ക്കാലിക നഷ്ടപരിഹാരം മാത്രമാണ്. നഷ്ടം കണക്കാക്കി ബാക്കിയെത്ര തുക നഷ്ടപരിഹാരം നല്‍കണമെന്ന് കണക്കാക്കാന്‍ വിരമിച്ച ഒരു ജഡ്ജി അധ്യക്ഷനായ മൂന്നംഗ കമ്മിറ്റിയെ നിയോഗിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. പൊളിയ്ക്കല്‍ നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത് കൂടി ഈ കമ്മിറ്റിയുടെ ചുമതലയാണ്. ഈ സമിതിയില്‍ ആരൊക്കെ വേണമെന്ന് സര്‍ക്കാരിന് ശുപാര്‍ശ ചെയ്യാമെന്നും കോടതി വ്യക്തമാക്കി.

ഫ്‌ളാറ്റ് നിര്‍മാതാക്കളോ അതിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളോ സ്വന്തം പേരിലുള്ള സ്വത്ത് വേറെ ആര്‍ക്കെങ്കിലും എഴുതി നല്‍കുന്നത് ഇതോടെ കോടതി വിലക്കി. ഇവരുടെ സ്വത്ത് കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, രവീന്ദ്ര ഭട്ട് എന്നിവര്‍ അംഗങ്ങളായ ബഞ്ചിന്റേതാണ് ഉത്തരവ്. സമയം വൈകാതെ ഫ്‌ലാറ്റുകള്‍ പൊളിച്ചു നീക്കാനുള്ള നടപടി തുടങ്ങണമെന്ന് സര്‍ക്കാരിനോട് സുപ്രീംകോടതി കര്‍ശനിര്‍ദേശം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here