ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളം നിര്‍മ്മിക്കാനൊരുങ്ങി യുപി സര്‍ക്കാര്‍: എട്ടു റണ്‍വേകളുള്ള വിമാനത്താവളം 2024 ല്‍ നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ ലോകത്തെ ഏറ്റവും വലിയ വിമാനത്താവളമാകുമെന്ന് പ്രതീക്ഷ

0

ദില്ലി : നരേന്ദ്രമോദി സര്‍ക്കാരിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് മറ്റൊരു ഉദാഹരണം കൂടി. അതിവേഗം വളരുന്ന വ്യോമയാന മേഖലയില്‍ പുതിയ കാല്‍വയ്പ്പുമായി മുന്നോട്ടു നീങ്ങുകയാണ് മോദി സര്‍ക്കാര്‍. ഉത്തര്‍പ്രദേശിലെ ജേവാറില്‍ പുതിയ വിമാനത്താവളം നിര്‍മ്മിക്കാനാണ് ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ പുതിയ പദ്ധതി. എട്ടു റണ്‍വേകള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്ന വിമാനത്താവളം ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളമായി മാറും.

2024 ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്നതു ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാനത്താവളം ആകുമെന്നാണ് യുപി സര്‍ക്കാരിന്റെ അവകാശവാദം. ആദ്യം ശുപാര്‍ശ ചെയ്തിരുന്ന 6 റണ്‍വേ, എട്ടായി വര്‍ധിപ്പിക്കാനുള്ള നോയിഡ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ (എന്‍ഐഎഎല്‍) ശുപാര്‍ശയ്ക്കു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അംഗീകാരം നല്‍കി. വിശദമായ പദ്ധതി രൂപരേഖ സമര്‍പ്പിച്ച ശേഷം അന്തിമ അനുമതി നല്‍കും. സ്ഥലമെടുപ്പ് ഇതിനു ശേഷമാകും ആരംഭിക്കുക.

ജേവാര്‍ വിമാനത്താവളത്തിനായി മൊത്തം 5,000 ഹെക്ടര്‍ സ്ഥലമാണ് ഏറ്റെടുക്കുക. നിലവില്‍ ലോകത്ത് 8 റണ്‍വേ ഉപയോഗിക്കുന്നതു ഷിക്കാഗോ രാജ്യാന്തര വിമാനത്താവളത്തില്‍ മാത്രം. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയുള്ള ജേവാറില്‍ 20,000 കോടി മുതല്‍മുടക്കിലാണു പുതിയ വിമാനത്താവളം നിര്‍മ്മിക്കുന്നത്. 2022 ല്‍ 2 റണ്‍വേയുമായാണു പ്രവര്‍ത്തനം ആരംഭിക്കുക.

2066 ഹെക്ടര്‍ സ്ഥലത്താണു ഡല്‍ഹി വിമാനത്താവളം. നിലവില്‍ 7 കോടി യാത്രക്കാരുള്ള ഡല്‍ഹി വിമാനത്താവളത്തില്‍ 2025 ല്‍ അത് ഇരട്ടിയാകും. നേരത്തെ ഈ പദ്ധതിക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here