Friday, March 29, 2024
spot_img

ഭാരത സംസ്കൃതിയുടെ വിശ്വരൂപം, ഈ തപോധനൻ

ഇന്ന് ശ്രീമകൃഷ്ണ പരമഹംസന്റെ ഓർമ്മ ദിനമാണ് . രാജ്യത്തെ ആധുനിക ആധ്യാത്മിക ആചാര്യന്മാരിൽ ഏറ്റവും പ്രമുഖനും ബഹുകേമനുമായിരുന്നു അദ്ദേഹം. പൂര്‍വ്വാശ്രമത്തിലെ നാമം ഗദാധരന്‍ എന്നായിരുന്നു. കുട്ടിക്കാലം മുതല്‍ തന്നെ ലൗകിക ജീവിതത്തില്‍ വിരക്തി കാണിച്ച ഗദാധരന് ആദ്ധ്യാത്മിക ചിന്തകളില്‍ മുഴുകി കഴിയാനായിരുന്നു കൂടുതല്‍ താല്‍പ്പര്യം. കൊൽക്കത്തക്കടുത്തുള്ള ഹൂഗ്ലിയിലെ കമാർപുക്കൂർ ഗ്രാമത്തിൽ ഒരു ദരിദ്ര ബ്രാഹ്മണ കുടുംബത്തിൽ 1836 ഫെബ്രുവരി 18 നായിരുന്നു ജനനം. വൈഷ്ണവരായ ഖുദീറാം ചാറ്റർജി, ചന്ദ്രാദേവി എന്നിവരായിരുന്നു മാതാപിതാക്കൾ.

പതിനേഴാം വയസ്സില്‍ പിതാവ് മരിച്ചതിനെ തുടര്‍ന്ന് കൊല്‍ക്കത്തയില്‍ വിവിധക്ഷേത്രങ്ങളില്‍ പൂജാരിയായി പോകേണ്ടി വന്നു. വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി 24ാം വയസ്സില്‍ അഞ്ചുവയസ്സുള്ള ശാരദാദേവിയെ അന്നത്തെ നാട്ടുനടപ്പനുസരിച്ച് വിവാഹം ചെയ്തു. 1866ല്‍ ദക്ഷിണേശ്വരത്തെ കാളി ക്ഷേത്രത്തില്‍ പൂജാരിയായി. ഭൈരവി, ബ്രാഹ്മണി, തോതാപുരി എന്നിവരില്‍ നിന്ന് ഹിന്ദുമതത്തെകുറിച്ച് കൂടുതല്‍ പഠിച്ചു.

കാളീദേവിയുടെ ഭക്തിയില്‍ ലയിച്ചു പലപ്പോഴും ആനന്ദ ലഹരിക്കടിമപ്പെട്ടത്‌ പോലെ കാണപ്പെട്ടു. ദക്ഷിണേശ്വരത്തെ കാളിക്ഷേത്രത്തിൽ പൂജയാരംഭിച്ചതോടെ ഗദാധരന്റെ ആരാധനാശ്രമങ്ങളിലും സ്വഭാവങ്ങളിലും പ്രകടമായ മാറ്റം കണ്ടുതുടങ്ങി. സമയക്രമം നോക്കാതെ അദ്ദേഹം സ്വയംമറന്ന് കാളീപൂജയിൽ മുഴുകി.

പലപ്പോഴും രാത്രികാലങ്ങളിൽ സമീപപ്രദേശമായ പഞ്ചവടിയിലെ വനപ്രദേശത്തുചെന്ന് ഏകാന്തധ്യാനത്തിലിരിക്കുക പതിവായി. ഈശ്വര സാക്ഷാത്കാരത്തിനായി പലപ്പോഴും ശരീരത്തെ മറന്നും, പരിസരബോധമില്ലാതെ കാളീദേവിയോട് ദീനദീനം കരഞ്ഞും തന്റെ ഭക്തി ഉന്മാദത്തോളമെത്തി നിൽക്കുന്ന സ്ഥിതിയിലായി. ഊണും ഉറക്കവും ഉടുതുണിപോലും വെടിഞ്ഞുള്ള ഗദാധരന്റെ ഭക്തി എല്ലാ സീമകളും അതിലംഘിച്ച് വളർന്നു.

ക്ഷേത്രപൂജയുടെ സമയക്രമമെല്ലാം താളംതെറ്റി. ഭക്തിയുടെ പാരമ്യതയിൽ ഒരുദിവസം ദേവിക്കു മുൻപിൽ സ്വയംബലിയർപ്പിക്കാനായി വാളെടുത്ത് സ്വയം ശിരസ്സ് ഛേദിക്കാനൊരുങ്ങിയപ്പോൾ കണ്ടുനിന്നവരാരോ തടഞ്ഞെന്നും ആ നിമിഷത്തോടെ ഗദാധരന് ദേവി ദർശനം സാധ്യമായി എന്നുമാണ് കഥ. ഇതോടെ അദ്ദേഹം രാമകൃഷ്ണൻ എന്ന പേരിൽ അറിയപ്പെടാൻ ഇടയായി. തുടർന്ന് അദ്വൈത വേദാന്തത്തിന്റെ പ്രചാരകനായി മാറി. അദ്ദേഹത്തിന്റെ ശിഷ്യന്‍മാര്‍ അദ്ദേഹത്തെ മഹാവിഷ്ണുവിന്റെ അവതാരമായി കരുതി.സ്വന്തം പേരുപോലും അക്ഷരത്തെറ്റുകൂടാതെ എഴുതാന്‍ കഴിയാതിരുന്നിട്ടും തന്റെ അതുല്യ പ്രതിഭാവിലാസംകൊണ്ട് ഉന്നത ബിരുദ ധാരികളെപ്പോലും അതിശയിപ്പിച്ച യോഗീശ്വരനാണ് അദ്ദേഹം.

താന്‍ പഠിച്ചകാര്യങ്ങള്‍ പ്രായോഗികാനുഭവത്തില്‍ പരീക്ഷിച്ചറിയാനും മറ്റുള്ളവര്‍ക്ക് ലളിതമായി പറഞ്ഞു കൊടുക്കുവാനും ഉള്ള അസാമാന്യമായ കഴിവുണ്ടായിരുന്നു പരമഹംസര്‍ക്ക്. ഈശ്വരസാക്ഷാത്കാരത്തിന് മതങ്ങളല്ല, കര്‍മ്മമാണ് പ്രധാനം എന്നു കരുതിയ ശ്രീരാമകൃഷ്ണന്‍ സൂഫി മതത്തിന്റെയും, ക്രിസ്ത്യന്‍, ഇസ്ലാം മതത്തിന്റെയും ഒക്കെ പാതയിലൂടെ ചരിച്ചിട്ടുണ്ട്. ആധുനികലോകത്തില്‍ പരമഹംസര്‍ പറഞ്ഞുതന്ന കഥകള്‍ക്ക് മൂല്യമേറെയാണ്. ഈ കഥകളില്‍നിന്നും ഒരുപിടി സാമാഹരിച്ച് പരമഹംസര്‍ പറഞ്ഞകഥകള്‍ എന്ന് പേരില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.

തന്റെ ആശ്രമത്തില്‍ എത്തുവരോട് രാമകൃഷ്ണദേവനു പറയാനുണ്ടായിരുത് കഥകളായിരുന്നു. ജീവന്‍തുടിക്കുന്ന കഥകള്‍. ആദ്യകേള്‍വിയില്‍ ഒരുപക്ഷേ ലളിതമെന്നു തോന്നിയേക്കാമെങ്കിലും ചിന്തിക്കുന്തോറും ആഴമേറുന്ന കഥാസാഗരം. അടച്ചുവെക്കുമ്പോഴും പുറമേക്കു സുഗന്ധം പരത്തു ചെമ്പകപ്പൂവിന്റെ നൈര്‍മല്യവും സരളതയുമായിരുന്നു കഥകളിലുടനീളം. കഥ പറഞ്ഞും കേട്ടും വളര്‍ന്ന ഭാരതീയ പാരമ്പര്യത്തിന് ഉത്തമോദാഹരണമാണ് പരമഹംസര്‍ കഥകള്‍.

Related Articles

Latest Articles