Friday, March 29, 2024
spot_img

ഇനി ഡോക്ടറുടെ കുറിപ്പടി ആവശ്യമില്ല; ഓണ്‍ ഡിമാന്‍ഡ് കോവിഡ് പരിശോധന

ദില്ലി: വ്യക്തികള്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് ഓണ്‍ ഡിമാന്‍ഡ് കോവിഡ് പരിശോധന നടത്താന്‍ ഐസിഎംആര്‍ അനുമതി നല്‍കി. ഇതിന് ഡോക്ടറുടെ കുറിപ്പടി ആവശ്യമില്ല. പുതിയതായി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തിലാണ് ഐസിഎംആര്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. വിദേശത്തേക്കോ മറ്റ് സംസ്ഥാനങ്ങളിലേക്കോ പോകുന്നവർ ഇപ്രകാരം കോവിഡ് പരിശോധന നടത്തി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി പോകണം.

ഓണ്‍ ഡിമാന്‍ഡ് ടെസ്റ്റുകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൂടുതല്‍ തീരുമാനമെടുക്കാമെന്നും ഐസിഎംആര്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ഉണ്ടായിരുന്ന കോവിഡ് ടെസ്റ്റിങ്ങ് പ്രോട്ടോക്കോളില്‍ മാറ്റം വരുത്തിയാണ് പുതിയ നടപടി.

കോവിഡ് പരിശോധന ഇല്ലെന്ന കാരണത്താല്‍ ഗര്‍ഭിണികള്‍ക്ക് ആശുപത്രി പ്രവേശനം നിഷേധിക്കരുതെന്നും സാംപിള്‍ ശേഖരിച്ച് അടുത്ത പരിശോധനകേന്ദ്രത്തിലെത്തിക്കാനുള്ള സൗകര്യമൊരുക്കണമെന്നും ഐസിഎംആര്‍ വ്യക്തമാക്കി. മറ്റ് റാപ്പിഡ് ടെസ്റ്റില്‍ നെഗറ്റീവ് ആയാലും പിന്നീട് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരില്‍ നിര്‍ബന്ധമായും ആര്‍ടി-പിസിആര്‍ ടെസ്റ്റ് നടത്തണം.

കൺടെയ്ൻമെന്‍റ് സോണില്‍ ഉള്‍പ്പെടുന്ന എല്ലാവര്‍ക്കും റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തണമെന്നാണ് ഐസിഎംആര്‍ നിര്‍ദേശം. കൺടെയ്ൻമെന്‍റ് സോണുകളില്‍ ആന്റിജന്‍ ടെസ്റ്റുകള്‍ക്കാണ് മുന്‍തൂക്കം കൊടുക്കേണ്ടതെന്നും എന്നാല്‍ കൺടെയ്ൻമെന്‍റ് സോണ്‍ അല്ലാത്ത പ്രദേശങ്ങളില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്നും ഐസിഎംആര്‍ വ്യക്തമാക്കി.

Related Articles

Latest Articles