Monday, July 1, 2024
spot_img

മുസ്‌ലിം ഭൂരിപക്ഷരാജ്യമായ താജിക്കിസ്ഥാനിൽ ഹിജാബ് നിരോധിച്ചു ; ഇസ്‌ലാമിക ആഘോഷത്തിനും വിലക്ക് ; നിയമം ലംഘിച്ചാൽ ലക്ഷങ്ങൾ പിഴ

മുസ്ലീം ഭൂരിപക്ഷ രാജ്യമായ താജിക്കിസ്ഥാനിൽ ഹിജാബും കുട്ടികളുടെ ഇസ്‌ലാമിക ആഘോഷങ്ങളും നിരോധിച്ചു. പാര്‍ലമെന്റിന്റെ ഉപരിസഭയായ മജ്ലിസി മില്ലിയാണ് നേരത്തെ അധോസഭ അംഗീകരിച്ച നിയമഭേദഗതിക്ക് അംഗീകാരം നല്‍കിയത്. ഹിജാബിനെ അന്യഗ്രഹ വേഷം (alien garments) എന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധിച്ചത്. ഇതുകൂടാതെ ഈദ് സമയത്ത് മുസ്ലീം സമൂഹത്തിനിടയിൽ കണ്ടുവരുന്ന ഈദി ചടങ്ങും (Idi) രാജ്യത്ത് നിരോധിച്ചു.

ഇക്കഴിഞ്ഞ മെയ് എട്ടിനാണ് താജിക് വിദ്യാഭ്യാസ വകുപ്പിന്റെ ഹിജാബ് നിരോധനം അധോസഭ ശരിവെച്ചത്. തുടര്‍ന്ന്, ജൂണ്‍ 19-ന് നിയമഭേദഗതി ഉപരിസഭയായ മജ്‌ലിസി മില്ലിയുടെ മുന്നിലെത്തി. തുടര്‍ന്നാണ് ഹിജാബ് നിരോധിച്ചു കൊണ്ടുള്ള നിയമഭേദഗതി പാസ്സാക്കിയത്. ഇതോടൊപ്പം, രണ്ട് പെരുന്നാളുകളുടെയും ഭാഗമായി കുട്ടികള്‍ക്കിടയിലുണ്ടായിരുന്ന ‘ഇദി’ ആഘോഷവും നിരോധിച്ചു. കുട്ടികള്‍ അടുത്തുള്ള വീടുകള്‍ സന്ദര്‍ശിച്ച് മുതിര്‍ന്നവരെ ആശീര്‍വദിക്കുകയും പകരമായി ചെറിയ സമ്മാനങ്ങള്‍ കൈപ്പറ്റുകയും ചെയ്യുന്നതാണ് ഈ ആഘോഷം. ഇതടക്കം 35 നിയമഭേദഗതികളാണ് പാര്‍ലമെന്റ് അംഗീകരിച്ചത്.

ബിൽ നിയമമായ സാഹചര്യത്തിൽ ഇനി ഹിജാബ് ധരിക്കുന്നവർക്ക് വൻ തുക പിഴയടയ്‌ക്കേണ്ടതായി വരും. 8,000-65,000 സോമോനി (60,560 – 5 ലക്ഷം രൂപ) വരെയാണ് പിഴ അടയ്‌ക്കേണ്ടി വരുക. കമ്പനികളാണ് നിയമം ലംഘിക്കുന്നതെങ്കില്‍ 39,500 സോമോനി ( 3,11,206 രൂപ) വരെയാകും പിഴ. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മതനേതാക്കളും കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ അതിലും കൂടുതല്‍ പിഴ പണം നല്‍കേണ്ടി വരും. ഉദ്യോഗസ്ഥര്‍ക്ക് 54,000 സോമോനിയും (4,25,446 രൂപയും) മതനേതാക്കന്മാര്‍ക്ക് 57,600 സോമോനിയും (4,53,809) പിഴയായി നൽകേണ്ടത്.

കഴിഞ്ഞ ഒരു വർഷമായി താജിക്കിസ്ഥാനിൽ അനൗദ്യോ​ഗികമായി ഹിജാബ് നിരോധനം നിലനിന്നിരുന്നു. ഹിജാബ് അന്യഗ്രഹ വസ്ത്രമാണെന്നാണ് താജിക്കിസ്ഥാൻ ഭരണകൂടത്തിന്റെ അനുമാനം. ഇസ്ലാമിക വസ്ത്രങ്ങൾ ധരിച്ച് വിദ്യാർത്ഥികൾ സ്കൂളിൽ വരുന്നത് 2007-ൽ തന്നെ രാജ്യത്ത് നിരോധിച്ചിരുന്നു. ഇതോടെയാണ് ഹിജാബിനെതിരായ നീക്കങ്ങൾ താജിക്കിസ്ഥാനിൽ ശക്തമായത്. അസർബൈജാൻ, കൊസോവോ, കിർഗിസ്ഥാൻ, കസാക്കിസ്ഥാൻ എന്നീ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിലും ഹിജാബ്, ബുർഖ തുടങ്ങിയവ നിരോധിച്ചിട്ടുണ്ട്. കൂടാതെ പബ്ലിക് സ്കൂളുകളിലും സർവകലാശാലകളിലും സർക്കാർ ഉദ്യോഗസ്ഥരും ഹിജാബ് ധരിക്കരുതെന്ന് നിർദേശമുണ്ട്.

Related Articles

Latest Articles