Saturday, July 6, 2024
spot_img

ഇന്നും ശക്തമായ മഴ തന്നെ ! വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് ; ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം മുതൽ വടക്കോട്ടുള്ള ജില്ലകളിൽ യെല്ലോ അലർ‌ട്ടും പ്രഖ്യാപിച്ചു. ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

വയനാട്, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പ് നൽകിയിരിക്കുന്നത്. പ്രൊഫഷണൽ കോളേജുകൾ അങ്കണവാടികൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. കൂടാതെ, ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറമേ കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിട്ടുണ്ട്. എന്നാൽ, പിഎസ് സി പരീക്ഷകൾക്ക് അവധി ബാധകമല്ല.

അതേസമയം അവധി മറികടന്ന് പ്രവർത്തിച്ചാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും എന്നാണ് പത്തനംതിട്ട ജില്ലാ കളക്ടറുടെ മുന്നറിയിപ്പ്. ചില ട്യൂഷൻ സെന്ററുകൾ അവധി മറികടന്ന് ക്ലാസുകൾ നടത്താൻ തീരുമാനിച്ച വിവരം കളക്ടറുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കൂടാതെ, മഴ ശക്തമാകുന്ന സാഹചര്യത്തിൽ വിനോദ സഞ്ചാരത്തിനും നിയന്ത്രണമുണ്ട്. ഇടുക്കി, വയനാട്, കോട്ടയം എന്നീ ജില്ലകളിൽ വിനോദ സഞ്ചാരം വിലക്കിയിട്ടുണ്ട്.

Related Articles

Latest Articles