Thursday, July 4, 2024
spot_img

ദുരിതപ്പെയ്ത്ത് ഒഴിയുന്നില്ല: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കനത്ത മഴ; റെഡ് അലർട്ടിന് സമാനമായ മുന്നൊരുക്കങ്ങളുമായി അധികൃതർ

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ അതിശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം . സംസ്ഥാനമാകെ കനത്ത മഴയ്‌ക്ക്‌ സാധ്യതയുള്ളതിനാൽ റെഡ്‌ അലർട്ടിന്‌ സമാന മുന്നൊരുക്കം ആരംഭിച്ചു. ഏഴു ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴു ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണു പ്രവചിച്ചിരിക്കുന്നത്.

തിരുവനന്തപുരം –- നാഗർകോവിൽ റൂട്ടിൽ പാറശാലയിൽ പാളത്തിൽ മണ്ണിടിഞ്ഞ്‌ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. റെയിൽ പാളങ്ങൾ പൂർണമായും വെള്ളത്തിൽ മുങ്ങി. നാഗർകോവിൽ–– കോട്ടയം പാസഞ്ചറും ഞായറാഴ്‌ച പുറപ്പെടേണ്ട ചെന്നൈ- എഗ്‌മോർ–- ഗുരുവായൂർ എക്സ്പ്രസും റദ്ദാക്കി. ഐലൻഡ് എക്സ്‌പ്രസും അനന്തപുരിയും അടക്കം 10 ട്രെയിൻ ഭാഗികമായി റദ്ദാക്കി.

അറബിക്കടലിലെ ചക്രവാത ചുഴിയും ബംഗാൾ ഉൾക്കടലിലെ ന്യൂനമർദവും തുടരുകയാണ്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം തിങ്കളാഴ്ചയോടെ ശക്തി പ്രാപിക്കും. തുടർന്ന് പടിഞ്ഞാറു-വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിച്ച് നവംബർ 18ഓടെ ആന്ധ്രാപ്രദേശ് തീരത്ത് കരയിൽ പ്രവേശിക്കു‌മെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

Related Articles

Latest Articles