Friday, July 5, 2024
spot_img

ഹത്രാസ്‌ ദുരന്തം ! ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് യു പി സർക്കാർ ; കുറ്റക്കാരെ വെറുതെ വിടില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലഖ്‌നൗ : ഉത്തര്‍പ്രദേശിലെ ഹത്റാസില്‍ മതപരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് നൂറിലധികം പേർ മരിച്ച സംഭവത്തിൽ ജൂഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ. ദുരന്തം റിട്ട. ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതിയാകും അന്വേഷിക്കുക. 116 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ദുരന്തത്തിൽ നിലവിൽ 130 പേർ മരിച്ചതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതെയിരിക്കാൻ പുതിയ ചട്ടങ്ങൾ കൊണ്ടുവരുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. അതേസമയം, ദുരന്തത്തിന് പിന്നാലെ പരിപാടിയുടെ മുഖ്യ സംഘാടകനായ ഭോലെ ബാബ ഒളിവിൽ പോയി. ഇയാൾക്കായുള്ള അന്വേഷണം തുടരുകയാണ്.

ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ നടന്ന പരിപാടിയിൽ അനുവദിച്ചതിലും അധികം പേർ പങ്കെടുത്തെന്നാണ് പ്രാഥമിക വിലയിരുത്തൽ. 60,000 പേരെ പങ്കെടുപ്പിക്കുന്നതിന് അനുമതി ലഭിച്ചിരുന്ന പരിപാടിയിൽ ഒരു ലക്ഷത്തിനടുത്ത് ആളുകളാണ് പങ്കെടുത്തത്. ഹാത്രസിലെ സിക്കന്ദർ റൗവിലെ പാടത്താണ് പരിപാടി നടന്നത്. താത്കാലിക പന്തൽ കെട്ടിയാണ് ഭോലെ ബാബ എന്ന് വിളിക്കുന്ന സകർ വിശ്വഹരിയുടെ നേതൃത്വത്തിൽ ഇവിടെ പ്രാർത്ഥന പരിപാടി നടന്നത്. പരിക്കേറ്റവർ ആറിലധികം ആശുപത്രികളിൽ ചികിത്സയിലാണ്. പരിപാടിക്ക് ജില്ലാ ഭരണകൂടം അനുമതി നൽകിയതായി വ്യക്തമായി.

Related Articles

Latest Articles