എന്താണ് ജീവകാരുണ്യ പ്രവർത്തനം? സമൂഹമാധ്യമങ്ങളിൽ ജീവകാരുണ്യത്തിന്റെ മറവിൽ നടക്കുന്ന തട്ടിപ്പുകളെ തുറന്നുകാട്ടി ജിതിൻ ജേക്കബ്

0

എന്താണ് ജീവകാരുണ്യ പ്രവർത്തനം?

നമ്മൾ അധ്വാനിച്ച് ഉണ്ടാക്കുന്ന പൈസയിൽ നിന്നും ഒരു വിഹിതം കാരുണ്യവും കരുതലും ആവശ്യമുള്ളവർക്ക് കൊടുക്കുന്നതാണ് ചാരിറ്റി അല്ലെങ്കിൽ ജീവകാരുണ്യ പ്രവർത്തനം.

അതല്ലാതെ ബക്കറ്റ് പിരിവും നടത്തിയും, ഫേസ്ബുക്ക് പോസ്റ്റുമിട്ടും ജനങ്ങളിൽ നിന്നും പണം സ്വീകരിച്ച് അത് മറ്റുള്ളവരിൽ എത്തിക്കുന്നതല്ല ചാരിറ്റി. അങ്ങനെ ചെയ്യുന്നത് ഒരു ദല്ലാൾ പണി മാത്രമാണ്.

നമ്മൾ നേരിട്ട് ഒരാൾക്ക് ഒരു സഹായം ചെയ്യുമ്പോൾ അത് കൃത്യമായി അവരിൽ എത്തുന്നു എന്ന് നമ്മുക്ക് ഉറപ്പിക്കാനാകും. ദല്ലാളുമാർ അല്ലെങ്കിൽ ഇടനിലക്കാർ വഴി ചെയ്യുമ്പോൾ അതിൽ സുതാര്യത ഉണ്ടാകില്ല.

വേറെ വരുമാനമാർഗം ഒന്നുമില്ലാതെ അന്യന്റെ പണം കൊണ്ട് ജീവകാരുണ്യ പ്രവർത്തനം ഒരു തൊഴിലായി കൊണ്ട് നടക്കുന്നവരുണ്ട്. നെറ്റിയിലെ വിയർപ്പുകൊണ്ട് അപ്പം ഭക്ഷിക്കാത്ത അവർ ഈ രംഗത്ത് വരുമ്പോഴാണ് ഇതിൽ അഴിമതിയും കയ്യിട്ടു വാരലും മറ്റും ഉണ്ടാകുന്നത്.

നന്മ മരമാണ്, കാരുണ്യവാനാണ്, ആരെയെങ്കിലും സഹായിച്ചിട്ടു വിമർശിക്കൂ എന്നൊക്കെയുള്ള പതിവ് രോദനനക്കാരോട് ആദ്യം പറഞ്ഞതാണ് വീണ്ടും പറയാനുള്ളത്. നമ്മൾ അധ്വാനിച്ച് ഉണ്ടാക്കുന്ന പൈസയിൽ നിന്നും ഒരു വിഹിതം കാരുണ്യവും കരുതലും ആവശ്യമുള്ളവർക്ക് കൊടുക്കുന്നതാണ് ചാരിറ്റി അല്ലെങ്കിൽ ജീവകാരുണ്യ പ്രവർത്തനം.അങ്ങനെയുള്ളവരെ ആരും വിമര്ശിക്കുന്നില്ല.

യുസഫ് അലി, അസിം പ്രേംജി അങ്ങനെ എത്രയോ നന്മമരങ്ങൾ ഇന്ത്യയിലുണ്ട്.

ഇനിയിപ്പോൾ ഇതൊരു മുഴുവൻ സമയ ജോലി അല്ലെങ്കിൽ സേവനം ആയി എടുക്കുന്നവർ സ്വന്തം കുടുംബം പുലർത്താനുള്ള വേറെ വരുമാനം ഉള്ളവരായിരിക്കണം. അല്ലാതെ ഞാൻ നന്മമരമാണ്, എനിക്ക് പൈസ തന്നാൽ ഞാൻ അർഹരായവരിൽ എത്തിക്കും എന്ന് പറയുന്നവരെ വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്.

ജീവിക്കാൻ വേറെ വരുമാന മാർഗം ഉണ്ട്, ജീവകാരുണ്യ പ്രവർത്തനം തികച്ചും സേവനം ആണെങ്കിൽ ആദ്യം ചെയ്യേണ്ടത് ഇവിടുത്തെ നിയമങ്ങളെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ആണ്. സഹജീവികളോട് കരുണ തോന്നുന്നവർ അവർ ജീവിക്കുന്ന സമൂഹത്തിലെ നിയമങ്ങളും അംഗീകരിക്കും.

വിദേശത്തുനിന്നടക്കം കോടികൾ ഫണ്ട് വരുക. അത് തോന്നുന്നതുപോലെ ഓരോ അക്കൗണ്ടുകളിലേക്കും മാറ്റുക. നിയമപരമായി ചോദ്യം ചെയ്താൽ ബാങ്കിനെ നിരോധിക്കണം എന്ന് പറഞ്ഞു ബഹളം ഉണ്ടാക്കുക, തെറിപ്പാട്ട് പാടുക. എന്തോന്നടെ ഇതൊക്കെ?

നോട്ട് നിരോധനം, GST, പാൻ – ആധാർ ബന്ധിപ്പിക്കൽ തുടങ്ങിയവ അടക്കം സാമ്പത്തീക രംഗത്ത് കർശന നിയമങ്ങൾ നടപ്പാക്കിയപ്പോൾ മത തീവ്രവാദികളും, ദേശവിരുദ്ധരും, നികുതിവെട്ടിപ്പുകാരും കണ്ടെത്തിയ പുതിയ തട്ടിപ്പ് മാർഗങ്ങളിൽ ഒന്നാണ് ഈ ജീവകാരുണ്യ സഹായ ഫണ്ടിംഗ്.

ഒരു സംസ്ഥാനത്തിന്റെ മുഖ്യൻ വീട്ടിലെ പട്ടിയെയും പൂച്ചയേയും അടക്കം കുടുംബസമേതം വേറൊരു രാജ്യത്ത് കാശ് തെണ്ടാൻ പോയിട്ട് ഒരു ചില്ലി കാശ് കിട്ടിയില്ല. ആ സ്ഥാനത്താണ് വെറും രണ്ട് ദിവസം കൊണ്ട് കോടികൾ അക്കൗണ്ടിലേക്ക് എത്തിയത്.

പിന്നെ മലയാളിക്ക് ഒരു സ്വഭാവം ഉണ്ട്. ഇമോഷണലി ഭയങ്കര വീക്ക് ആണ്. രാജസ്ഥാൻ മരുഭൂമിയിൽ വെള്ളപ്പൊക്കമുണ്ടായി സകലതും നശിച്ചു, അവിടെയുള്ളവരെ സഹായിക്കണം എന്ന് പറഞ്ഞു ചെന്നാലും പൈസ കൊടുക്കുന്ന പ്രബുദ്ധരാണ് മലയാളി. ആട്, മാഞ്ചിയം, വിസ, മണി ചെയിൻ എന്ന് വേണ്ട എല്ലാ വിധ തട്ടിപ്പിലും മലയാളി വീണിരിക്കും.

ഇതാണ് ഇവിടെയും മുതലെടുക്കുന്നത്. രോഗികളെ സഹായിക്കാനുള്ള പൈസ തടഞ്ഞുവെച്ചു എന്ന് കേൾക്കുമ്പോൾ സാധാരണക്കാരന്റെ രക്തം തിളക്കും. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്ന് ആരും ചിന്തിക്കില്ല. പണം അയക്കുമ്പോൾ പാലിക്കേണ്ട നടപടികൾ പാലിച്ചോ ഇല്ലയോ, ഈ പൈസ അർഹരായവരിൽ ആണോ എത്തുന്നത്, ഇതിന്റെ പിന്നിൽ രാജ്യദ്രോഹ ഇടപാടാണോ, മറ്റെന്തെങ്കിലും താൽപ്പര്യങ്ങൾ ഇതിനു പിന്നിലുണ്ടോ എന്നൊന്നും നോക്കില്ല. ചുമ്മാ കിടന്ന് ബഹളം ഉണ്ടാക്കും.

ജീവകാരുണ്യ പ്രവർത്തനം ഒക്കെ നടത്തുന്നവർ സാധാരണഗതിയിൽ ഒരു ട്രസ്റ്റ് അല്ലെങ്കിൽ സൊസൈറ്റി ഫോം ചെയ്യും. വിദേശ സഹായം സ്വീകരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ ബാങ്കുകളിൽ അതിനായി പ്രത്യേകം FCRA അക്കൗണ്ട് തുറക്കും. അതുവഴി എത്ര കോടി വേണമെങ്കിലും പണം ലോകത്തിന്റെ ഏത് കോണിൽ നിന്നും അയക്കാം. ഇതാണ് നിയമം. ഇത് എല്ലാവരും ചെയ്യുന്നതുമാണ്. അത് പാലിച്ചാൽ എന്താണ് കുഴപ്പം?

കുഴപ്പമുണ്ട് ! കണക്ക് കൃത്യമായി കാണിക്കണം. അപ്പോൾ അതാണ് കാര്യം. അത് നമ്മുക്ക് പറ്റില്ലല്ലോ. കിട്ടിയ തുക, ചെലവാക്കിയ തുക എല്ലാം ഓഡിറ്റിങ്ങിന് വിധേയമാക്കേണ്ടി വരും. ഈ കിടന്ന് മോങ്ങുന്നതിന്റെ കാരണവും അത് തന്നെയാണ്.

ചില കാര്യങ്ങൾ അവിശ്വസനീയമായി തോന്നാം. ഒരു തട്ടിപ്പിന്റെ കാര്യം പറയാം. സാധാരണ ഒരു അക്കൗണ്ട് ഹോൾഡർ മരിച്ചാൽ അത് ബാങ്കിൽ അറിയിക്കണം. ബാങ്ക് അറിഞ്ഞാൽ മാത്രമേ ആ അക്കൗണ്ട് തുടർ ട്രാൻസാക്ഷൻ അനുവദിക്കാതിരിക്കൂ. നമ്മുടെ പല ആളുകളുടെയും ഒരു സ്വഭാവം ചെക്ക് ബുക്കിൽ മുഴുവൻ ഒപ്പിട്ട് വെക്കും. അക്കൗണ്ട് ഉള്ളയാൾ മരിച്ചു കഴിഞ്ഞാലും ബാങ്കിൽ യഥാസമയം അറിയിക്കാത്തതുകൊണ്ട് അക്കൗണ്ട്, എടിഎം തുടങ്ങിയവ ആക്റ്റീവ് ആയിരിക്കും. ഈ മരിച്ച ആളിന്റെ പാസ് ബുക്കും, ചെക്ക് ബുക്കും എടിഎം ഉം ഒക്കെ പണം കൊടുത്തു വാങ്ങാൻ ഈ ഹവാല ഇടപാടുകാർ എത്തും. പിന്നീട് അത് ഉപയോഗിച്ച് പണ ഇടപാടുകൾ നടത്തും.

കേരളത്തിൽ ജോലി ചെയ്യുന്ന ബംഗാളികളുടെ പേരിൽ നിരവധി അക്കൗണ്ടുകൾ തുടങ്ങിയിട്ടുണ്ട്. അത് ഏത് തരം ബാങ്കുകളിൽ ആയിരിക്കും എന്ന് സാമാന്യ ബുദ്ധിയുള്ളവർക്ക് മനസിലാകും. അക്കൗണ്ട് തുറന്ന് ചെക്ക് ബുക്കും വാങ്ങും എന്നല്ലാതെ ബംഗാളിക്ക് പിന്നീട് അവിടെ റോൾ ഇല്ല.

മുകളിൽ പറഞ്ഞത് കള്ളപ്പണ ഇടപാടിന്റെ ചില രീതികൾ മാത്രമാണ്. ഇന്ത്യയിൽ വീണ്ടും ഒരു സമാന്തര സമ്പത്ത് വ്യവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമം വളരെ സജീവമാണ്. പക്ഷെ നിങ്ങളുടെ പ്രതീക്ഷകൾ not walking.

മേരെ പ്യാരി ദേശവാസിയോം എന്നും പറഞ്ഞു തലൈവർ വീണ്ടും ഒരു വരവ് കൂടി വരുന്നുണ്ട്. ഇത്തവണ 2000, 500 നോട്ടുകൾ ആകും പിൻവലിക്കുക. ഇന്ത്യയിലെ ഏറ്റവും വലിയ നോട്ട് 100 ന്റേതായിരിക്കും. അക്കൗണ്ടിൽ കിടക്കുന്ന തുക ഫണ്ട് ട്രാൻസ്ഫർ അല്ലാതെ കാശായി തന്നെ പിൻവലിക്കുന്നതിനും എല്ലാം കർശന നിയന്ത്രങ്ങൾ ഉണ്ടാകും. അധികം വൈകാതെ ഈ കാര്യങ്ങൾ നടപ്പിലാക്കുക തന്നെ ചെയ്യും.

രാജ്യത്തെ നിയമം പാലിച്ച് ജീവിക്കുന്നവർക്ക് ജീവകാരുണ്യ പ്രവർത്തനത്തിന് അടക്കം എത്ര കോടി രൂപ വേണമെങ്കിലും വിദേശത്തു നിന്നോ സ്വദേശത്തു നിന്നോ വാങ്ങാം. ആരും തടയില്ല, പക്ഷെ സുതാര്യത ഉണ്ടാകണം എന്ന് മാത്രം. അവിടെ പരിശോധനകൾ ഉണ്ടാകും, ചോദ്യങ്ങൾ ഉണ്ടാകും, ഉത്തരം നല്കാൻ അവകാശങ്ങൾ ഏറെയുള്ള ഉള്ള ഇന്ത്യൻ പൗരന് കടമയും ഉണ്ട്. നിയമം അനുസരിച്ച് മുന്നോട്ടു പോകുന്ന നന്മമരങ്ങൾക്ക് ഒരു പ്രശ്നവുമില്ല. അല്ലാത്തവരെ പൂട്ടും, മണിചിത്രത്താഴിട്ടു പൂട്ടും.

അതുകൊണ്ട് ഊഡായിപ്പു കാണിക്കുന്ന എല്ലാ നന്മമരങ്ങളും കുറച്ചുകൂടി ഉച്ചത്തിൽ മോങ്ങാൻ തയ്യാറായി ഇരുന്നോളൂ.

What is Charity ? എന്താണ് ജീവകാരുണ്യ പ്രവർത്തനം?നമ്മൾ അധ്വാനിച്ച് ഉണ്ടാക്കുന്ന പൈസയിൽ നിന്നും ഒരു വിഹിതം കാരുണ്യവും…

Posted by Jithin K Jacob on Friday, June 14, 2019

LEAVE A REPLY

Please enter your comment!
Please enter your name here