Friday, April 19, 2024
spot_img

അര്‍ഷദ് മദനി പറ്റിച്ചു!

ഹിന്ദുത്വവിരോധം ജീവവായുവായ ഇസ്ലാമിസ്റ്റുകള്‍ക്ക് തൊണ്ടയില്‍ കുടുങ്ങിയ മുള്ളായി മാറിയിരിക്കുന്നു പ്രശസ്ത ദേവബന്ദ് മതപണ്ഡിതനും ജമാഅത്തെ ഉലേമ ഹിന്ദ് തലവനുമായ മൗലാനാ അര്‍ഷദ് മദനി. മദനിയെ തള്ളാനും വയ്യ, കൊള്ളാനും വയ്യ എന്ന അവസ്ഥയിലാണവര്‍. മദനി ഇങ്ങനെയൊരു പണി ഒപ്പിക്കുമെന്ന് സ്വപ്നത്തില്‍ പോലും അവര്‍ പ്രതീക്ഷിച്ചിട്ടില്ല. ഇക്കഴിഞ്ഞ ആഗസ്റ്റ് 30ന് ദല്‍ഹിയിലെ ഝാന്‍ണ്ടേവാലയില്‍ ആര്‍.എസ്.എസ്. കാര്യാലയമായ കേശവകുഞ്ചില്‍ ചെന്ന് സര്‍സംഘചാലകനുമായി ഒന്നരമണിക്കൂര്‍ സംവദിക്കാന്‍ അദ്ദേഹം തയ്യാറായി. അതിനുശേഷം മോഹന്‍ഭാഗവതിനെ പോലെ ഒരാള്‍ ഇന്ത്യയില്‍ ഇല്ല എന്നും ചര്‍ച്ചയ്ക്ക് പിന്‍തിരിഞ്ഞു നില്‍ക്കുന്നതിനു പകരം സംവാദം തുടരാനാണ് അദ്ദേഹം തയ്യാറായത് എന്നുമുള്ള നല്ല അഭിപ്രായവും മദനി രേഖപ്പെടുത്തി.

2015-ല്‍ ആര്‍.എസ്.എസ്സിനെ ഫാസിസ്റ്റ് ഗ്രൂപ്പ് എന്നു വിളിക്കുകയും അതിനെ നിരോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തയാളാണ് അര്‍ഷദ് മദനി; മാത്രമല്ല മോദി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനുമാണ് അദ്ദേഹം. ആര്‍.എസ്.എസ്സുമായി ചര്‍ച്ച നടത്തുന്നത് നല്ല ആശയമാണെന്നു പറയുകയും ചര്‍ച്ചയ്ക്കുശേഷം ആര്‍.എസ്.എസ്സിനോട് മൃദു സമീപനം സ്വീകരിക്കാമെന്നു തുറന്നു പറയുകയും ചെയ്തു അദ്ദേഹം. ആള്‍ക്കൂട്ടക്കൊല, രാജ്യത്ത് സമാധാനം സൃഷ്ടിക്കല്‍ എന്നിവയായിരുന്നു അവരുടെ ചര്‍ച്ചാവിഷയങ്ങള്‍. മുത്തലാഖും അസമിലെ പൗരത്വ പട്ടികയും ഒന്നും ചര്‍ച്ച ചെയ്തില്ലെന്നും അദ്ദേഹം പറയുന്നു. മാത്രമല്ല, താന്‍ ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ സമുദായത്തിനകത്തേക്ക് കൈമാറുമെന്നുകൂടി അദ്ദേഹം പറഞ്ഞു.

ഇതോടെ ഇസ്ലാമിസ്റ്റുകളുടെ അങ്കലാപ്പ് ഇരട്ടിയായി. ഹിന്ദുത്വക്കാരെ വഴിയില്‍ കണ്ടപ്പോള്‍ അബദ്ധത്തില്‍ ചിരിച്ചു എന്ന കുറ്റംചുമത്തി ചില മുസ്ലിം നേതാക്കളെ വിരട്ടിയവരാണിവര്‍. സൂഫി സമ്മേളനത്തില്‍ മോദിക്കൊപ്പം നിന്നവരെപോലും കാഫിറെന്നു വിളിച്ചവരാണിവര്‍. അവരാണ് അര്‍ഷദ് മദനി മോഹന്‍ഭാഗവതിനെ ആര്‍.എസ്.എസ്. കാര്യാലയത്തില്‍ ചെന്നു കണ്ടപ്പോള്‍ സ്ഥലജലഭ്രാന്തിമൂലം പരുങ്ങുന്നത്. ആര്‍.എസ്.എസ്. ഹിന്ദു രാഷ്ട്രവാദം ഉപേക്ഷിക്കുമെന്ന് മദനി അഭിപ്രായപ്പെട്ടു എന്ന മുട്ടുന്യായം പറയുകയാണവര്‍.

ഹിന്ദുരാഷ്ട്രവാദത്തെക്കുറിച്ച് മോഹന്‍ഭാഗവത് ഒന്നും പറഞ്ഞിട്ടില്ല എന്ന് അര്‍ഷദ് മദനി ഒരു അഭിമുഖത്തില്‍ പറഞ്ഞത് അവര്‍ വിഴുങ്ങി. ഹിന്ദുത്വവിരോധമെന്ന വിഷം ചീറ്റി സാമുദായിക സ്പര്‍ദ്ധയുണ്ടാക്കി മുസ്ലിം സമുദായത്തെ ഹിന്ദുക്കളില്‍ നിന്ന് അകറ്റാന്‍ ശ്രമിക്കുന്നവര്‍ക്ക് പിടി അയയുന്നു എന്നാണ് ഭാഗവത് – മദനി ചര്‍ച്ച നല്‍കുന്ന ശുഭസൂചന.

കടപ്പാട് :ഹൈന്ദവീയം ഫേസ്ബുക് ഗ്രൂപ്പ്

Related Articles

Latest Articles