ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ അപ്രതീക്ഷിത വിയോഗത്തിൽ അനുശോചനമറിയിച്ച് ബ്രസീൽ ഫുട്ബോൾ ഇതിഹാസം പെലെ. മറഡോണയുടെ ചിത്രത്തിനൊപ്പം വികാരനിര്‍ഭരമായ ഒരു കുറിപ്പാണ് പെലെ ഇന്‍സ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്തത് . തനിക്ക് ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരനെ നഷ്ടമായെന്ന് അദ്ദേഹം കുറിക്കുന്നു.
‘എനിക്ക് ഒരു പ്രിയപ്പെട്ട കൂട്ടുകാരനെയും ലോകത്തിന് ഒരു ഇതിഹാസത്തെയും നഷ്ടപ്പെട്ടിരിക്കുന്നു. ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. പക്ഷേ ഇപ്പോഴത്തേക്ക്, അദ്ദേഹത്തിന്റെ കുടുംബത്തിന് ദൈവം കരുത്ത് നല്കട്ടെ. ഒരുനാള്‍ നമ്മളൊന്നിച്ച് ആകാശത്ത് പന്തുതട്ടുമെന്ന് പ്രതീക്ഷിക്കുന്നു.’ പെലെ കുറിക്കുന്നു. മറഡോണയുടെ വിയോഗത്തില്‍ അര്‍ജന്റീനയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. മറഡോണയുടെ വിയോഗം തീരാനഷ്ടമാണെന്ന് മെസ്സിയും റൊണാള്‍ഡോയും അനുശോചിച്ചു.