കോവിഡ് പ്രതിസന്ധി രൂക്ഷം: ഐപിഎൽ താൽക്കാലികമായി നിർത്തിവെച്ചു

IPL 2021

0
IPL 2021 COVID19
Ahmedabad

മുംബൈ: വിവിധ ടീമുകളിലെ താരങ്ങൾക്കും പരിശീലക സംഘാംഗങ്ങൾക്കും കോവിഡ് ബാധിച്ച പശ്ചാത്തലത്തിൽ ഐപിഎൽ മത്സരങ്ങൾ താൽക്കാലികമായി റദ്ദാക്കുകയാണെന്ന് ബിസിസിഐ. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ വൃദ്ധമാന്‍ സാഹയ്ക്കും ഡൽഹി കാപിറ്റൽസ് താരം അമിത് മിശ്രയ്ക്കുമാണ് ഇന്ന് കൊവിഡ്- 19 സ്ഥിരീകരിച്ചു. നേരത്തെ കൊല്‍ക്കത്തയുടെ വരുണ്‍ ചക്രവര്‍ത്തി, സന്ദീപ് വാര്യര്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

താരങ്ങള്‍ക്ക് ബയോബബിള്‍ സുരക്ഷ ഒരുക്കിയിരുന്നെങ്കിലും കൂടുതല്‍ താരങ്ങളിലേക്ക് കോവിഡ് വ്യാപിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു കടുത്ത തീരുമാനം കൈക്കൊണ്ടത്. ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയാണ് ഇക്കാര്യം അറിയിച്ചത്. സീസണിലെ മത്സരങ്ങൾ പൂർണമായും ഉപേക്ഷിച്ചിട്ടില്ലെന്നും മത്സരങ്ങൾ പിന്നീട് നടത്താനാവുമോ എന്ന് പരിശോധിക്കുമെന്നും രാജിവ് ശുക്ല വ്യക്തമാക്കി. മത്സരങ്ങൾ തൽക്കാലത്തേക്ക് നിർത്തിവെക്കുകയാണെന്നും രാജീവ് ശുക്ല വ്യക്തമാക്കി.

ടൂര്‍ണമെന്റ് റദ്ദാക്കിയ സാഹചര്യത്തില്‍ എല്ലാ താരങ്ങളും നാട്ടിലേക്ക് മടങ്ങും. വിദേശ താരങ്ങള്‍ക്ക് സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങാനുള്ള എല്ലാ ക്രമീകരണങ്ങളും ബിസിസിഐ ഒരുക്കും.