ദില്ലി: കാശ്മീര്‍ വിഷയത്തില്‍ ഇടപെടാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കം വീണ്ടും തള്ളി ഇന്ത്യ. ബാഹ്യ ഇടപെടല്‍ വേണ്ടെന്ന് ട്രംപിനെ വീണ്ടും അറിയിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതിനിടെ പാക് അധീന കശ്മീരില്‍ വെള്ളിയാഴ്ച പ്രതിഷേധസമ്മേളനം സംഘടിപ്പിക്കുമെന്ന് ഇമ്രാന്‍ഖാന്‍ പ്രഖ്യാപിച്ചു.

കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറെന്ന് ഡോണള്‍ഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരു ബാഹ്യ ഇടപെടലും വേണ്ടെന്ന് ജി ഏഴ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ഈ നിലപാട് അംഗീകരിച്ച ട്രംപ് വീണ്ടും നയം മാറ്റുകയാണ്. ഇന്ത്യയേയും പാകിസ്ഥാനെയും സഹായിക്കാന്‍ തയ്യാറെന്ന് ട്രംപ് ഇന്നലെ വീണ്ടും മാധ്യമങ്ങളോട് പറഞ്ഞു. എങ്ങനെ സഹായിക്കും എന്ന ട്രംപ് വിശദീകരിച്ചില്ല. ഇന്ത്യാ പാകിസ്ഥാന്‍ സംഘര്‍ഷത്തിന് അയവ് വരുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.

എന്നാല്‍, ട്രംപിന്റെ സഹായം വേണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രതികരിച്ചു. ഈ മാസം അവസാനം പ്രധാനമന്ത്രി വാഷിംഗ്ടണില്‍ വീണ്ടും ട്രംപിനെ കണ്ടേക്കും. ഇന്ത്യയുടെ നിലപാട് വീണ്ടും മോദി അറിയിക്കും. ഐക്യരാഷ്ട്ര മനുഷ്യവകാശ കൗണ്‍സിലില്‍ ഇസ്ലാമിക രാഷ്ട്രങ്ങളുടെ സംഘടനയുടെ നിലപാടെന്ന പേരില്‍ കശ്മീര്‍ വീണ്ടും പാകിസ്ഥാന്‍ ഉന്നയിച്ചു. ഒരു സംഘടനയുടെയും ഇടപെടല്‍ ആവശ്യമില്ലെന്ന് ഇന്ത്യ കൗണ്‍സിലില്‍ വ്യക്തമാക്കിയിരുന്നു

ഇതിനിടെ, പ്രതിഷേധസമ്മേളനം സംഘടിപ്പിക്കുമെന്ന് ഇമ്രാന്‍ഖാന്‍ പ്രഖ്യാപിച്ചു. പാക് അധീന കശ്മീരിലെ മുസഫറബാദില്‍ വെള്ളിയാഴ്ച വന്‍ പ്രതിഷേധറാലി നടത്തുമെന്നാണ് ഇമ്രാന്‍ഖാന്റെ പുതിയ പ്രഖ്യാപനം. കശ്മീരിലേക്ക് രാജ്യാന്തര ശ്രദ്ധ ആകര്‍ഷിക്കാനുള്ള നീക്കങ്ങള്‍ വിജയിക്കാത്ത സാഹചര്യത്തിലാണ് ഇമ്രാന്‍ഖാന്റെ ഈ തീരുമാനം

LEAVE A REPLY

Please enter your comment!
Please enter your name here